പി ടി തോമസിന്റെ മൃതദേഹം ആദ്യം എത്തിക്കുക ഇടുക്കിയിലെ തറവാട്ട് വീട്ടില്‍; നാളെ രാവിലെ ഏഴു മുതല്‍ എറണാകുളത്ത് പൊതു ദര്‍ശനം
വെല്ലൂരിലെ സിഎംസി ആശുപത്രിയില്‍ നിന്നും തേനി വഴി ഇടുക്കി ഉപ്പുതോട്ടിലെ പി ടി തോമസിന്റെ തറവാട് വീട്ടില്‍ രാത്രി പത്തോടെ മൃതദേഹം എത്തിക്കും.അവിടെ നിന്നും രാത്രി തന്നെ പുറപ്പെട്ട് നാളെ രാവിലെ ആറു മണിയോടെ മൃതദേഹം എറണാകുളം പാലാരിവട്ടത്തെ പി ടി തോമസിന്റെ വസതിയില്‍ മൃതദേഹം എത്തിക്കും. അവിടെ നിന്നും ഏഴോടെ എറണാകുളം ഡിസിസി ഓഫിസില്‍ മൃതദേഹം എത്തിക്കും. വൈകിട്ട് അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കും
കൊച്ചി: അന്തരിച്ച തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ പി ടി തോമസിന്റെ മൃതദേഹം നാളെ രാവിലെ ഏഴു മുതല്‍ എറണാകുളം ഡിസിസി ഓഫിസില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും.വെല്ലൂരിലെ സിഎംസി ആശുപത്രിയില്‍ നിന്നും ഇടുക്കി ഉപ്പുതോട്ടിലെ പി ടി തോമസിന്റെ തറവാട് വീട്ടില്‍ രാത്രി പത്തോടെ മൃതദേഹം എത്തിക്കും.അവിടെ നിന്നും രാത്രി തന്നെ പുറപ്പെട്ട് നാളെ രാവിലെ ആറു മണിയോടെ മൃതദേഹം എറണാകുളം പാലാരിവട്ടത്തെ പി ടി തോമസിന്റെ വസതിയില്‍ മൃതദേഹം എത്തിക്കും.
അവിടെ നിന്നും ഏഴോടെ എറണാകുളം ഡിസിസി ഓഫിസില്‍ എത്തിക്കുന്ന മൃതദേഹം ഇവിടെ നിന്നും എട്ടരയോടെ എറണാകുളം ടൗണ്‍ഹാളിലേക്ക് കൊണ്ടുപോകും.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇവിടെ വെച്ചായിരിക്കും അന്തിമോപചാരം അര്‍പ്പിക്കുക.ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം പി ടി തോമസിന്റെ നിയോജകമണ്ഡലമായ തൃക്കാക്കരയിലേക്ക് കൊണ്ടുപോകും.തൃക്കാക്കര മുന്‍സിപ്പാലിറ്റിയുടെ കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.അവിടെ നിന്നും അഞ്ചുമണിയോടെ എടുത്ത് എറണാകുളം രവിപുരം ശ്മശാനത്തില്‍ എത്തിച്ച് അഞ്ചരയോടെ സംസ്‌ക്കരിക്കും. പി ടി തോമസിന്റെ ആഗ്രഹമനുസരിച്ചാണ് രവി പുരം ശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രവി പുരം ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ച ശേഷം ചിതാഭസ്മം ഇടുക്കി ഉപ്പുതോട്ടില്‍ അമ്മയെ സംസ്‌ക്കരിച്ചിരിക്കുന്ന കല്ലറയില്‍ അടക്കം ചെയ്യണമെന്ന് പി ടി തോമസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും വി ഡി സതീശന്‍ പറഞ്ഞു.മൃതദേഹം പൊതു ദര്‍ശനത്തിന് വെയ്ക്കുമ്പോള്‍ മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിക്കരുതെന്നും വയലാര്‍ എഴുതിയ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും എന്നു തുടങ്ങുന്ന ഗാനം ചെറിയ ശബ്ദത്തില്‍ വെയ്ക്കണമെന്നും പി ടി തോമസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും വി ഡി സതീശന്‍ പറഞ്ഞു. പി ടി തോമസിന്റെ കുടുംബാംഗങ്ങളുമായി ആലോചിച്ച് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം സംസ്‌ക്കരിക്കാനും മറ്റു കാര്യങ്ങള്‍ നടപ്പിലാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.