മതമേലധ്യക്ഷന്‍മാര്‍ കലാപാന്തരീക്ഷം സൃഷ്ടിക്കരുത്; പാലാ ബിഷപ്പ് മാപ്പ് പറയണം: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള

Update: 2021-09-13 02:43 GMT

ആലുവ: മതസൗഹാര്‍ദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും വിളനിലമായ കേരളത്തില്‍ മതങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന വിധത്തിലുള്ളതും വസ്തുതാ വിരുദ്ധവുമായ പ്രസ്താവനകളിറക്കി മതമേലധ്യക്ഷന്‍മാര്‍ കലാപാന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന യാഥാര്‍ഥ്യത്തോട് ഒരു നിലയ്ക്കും യോജിക്കാത്തതും ബോധപൂര്‍വം മുസ്‌ലിം സമൂഹത്തെ അവഹേളിക്കുക എന്ന ലക്ഷ്യംവച്ചുള്ളതുമാണെന്ന് ഞങ്ങള്‍ ഉറപ്പായും വിശ്വസിക്കുന്നു. ബിഷപ്പിനെപ്പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരില്‍നിന്ന് ഇത്തരം പരാമര്‍ശങ്ങളുണ്ടായത് അത്യന്തം ആശങ്കാജനകമാണ്.

കേരളീയ സമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിന് കനത്ത ആഘാതമേല്‍പ്പിച്ച, തികച്ചും ഹാനികരമായ ഈ പ്രസ്താവന എത്രയും വേഗം പിന്‍വലിച്ച് അദ്ദേഹം സമൂഹത്തോട് മാപ്പ് പറയണമെന്ന് കഴിഞ്ഞ ദിവസം ആലുവയില്‍ കൂടിയ സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ സംസ്ഥാന ജനറല്‍ സെക്രട്ടറി വി എച്ച് അലിയാര്‍ ഖാസിമി ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷന്‍ മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമിയുടെ അധ്യക്ഷതയില്‍ കൂടിയ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അബ്ദുശ്ശുക്കൂര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.

ടി എ അബ്ദുല്‍ ഗഫാര്‍ കൗസരി ഇടത്തല, അബ്ദുല്‍ വഹാബ് മസാഹിരി കൊല്ലം, സയ്യിദ് ഹാഷി അല്‍ ഹദ്ദാദ് മലപ്പുറം, അബ്ബാസ് ഖാസിമി പാലക്കാട്, യൂസുഫ് കൗസരി തൃശൂര്‍, ഡോ. ഖാസിമുല്‍ ഖാസിമി കോഴിക്കോട്, അഷ്‌റഫ് അലി കൗസരി തിരുവനന്തപുരം, ഷറഫുദ്ദീന്‍ അസ്‌ലമി ആലപ്പുഴ, ഇംദാദുല്ലാഹ് മൗലവി ഇടുക്കി, നാസറുദ്ദീന്‍ കൗസരി കോട്ടയം, അബ്ദുസ്സത്താര്‍ മൗലവി എറണാകുളം, മുഫ്തി താരിഖ് ഖാസിമി, സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ഷംസുദ്ദീന്‍ ഖാസിമി, അബ്ദുസ്സലാം ഹുസ്‌നി തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി ഇല്‍യാസ് ഹാദി വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു.

Tags:    

Similar News