ബിജെപിയില്‍നിന്ന് രാജിവച്ച പാലാ നഗരസഭാ കൗണ്‍സിലര്‍ സിപിഎമ്മില്‍
കഴിഞ്ഞ പാലാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയിലെ ചില നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. തുടര്‍ന്ന് നഗരസഭയില്‍ സ്വതന്ത്ര കൗണ്‍സിലറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കോട്ടയം: ബിജെപിയില്‍നിന്ന് രാജിവച്ച പാലാ നഗരസഭാ കൗണ്‍സിലര്‍ അഡ്വ.ബിനു പുളിക്കക്കണ്ടം സിപിഎമ്മില്‍ ചേര്‍ന്നു. പാലാ ഇഎംഎസ് മന്ദിരം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ബിനു പുളിക്കക്കണ്ടത്തിനെ ഹാരമണിയിച്ച് സിപിഎമ്മിലേക്ക് സ്വീകരിച്ചു. ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. ബിജെപിയുടെ പാലാ നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന അഡ്വ.ബിനു പാലാ നഗരസഭയിലെ ബിജെപിയുടെ ഏകപ്രതിനിധിയുമായിരുന്നു.
കഴിഞ്ഞ പാലാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയിലെ ചില നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. തുടര്‍ന്ന് നഗരസഭയില്‍ സ്വതന്ത്ര കൗണ്‍സിലറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അഡ്വ. ബിനു പുളിക്കക്കണ്ടവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സിപിഎമ്മില്‍ ചേരാനുള്ള തീരുമാനം. വിദ്യാര്‍ഥി കാലം മുതല്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന ബിനു 2005ലാണ് കന്നിയങ്കത്തില്‍ പാലാ നഗരസഭയിലെത്തുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി കൗണ്‍സിലറായി തുടരുകയാണ്. മുന്‍ ദേശീയ നീന്തല്‍താരമായ അഡ്വ.ബിനു, ഇപ്പോള്‍ കോട്ടയം ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റും കേരള ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ കണ്‍വീനറുമാണ്. അഡ്വ. ബിനു പുളിക്കക്കണ്ടത്തിനെ കൂടാതെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, സിപിഐ, എന്‍സിപി എന്നീ പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരുമടക്കം 110 ഓളം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി സിപിഎം അവകാശപ്പെട്ടു.
എന്‍സിപി മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും വിശ്വകര്‍മ മഹാസഭ മീനച്ചില്‍ താലൂക്ക് യൂനിയന്‍ പ്രസിഡന്റുമായ അനില്‍ ആറുകാക്കല്‍, സിപിഐ മുന്‍ നിയോജകമണ്ഡലം കമ്മിറ്റിയംഗവും കിസാന്‍സഭ ജില്ലാ നേതാവുമായ കെ എസ് രാമചന്ദ്രന്‍ എന്നിവരെയും സിപിഎം ജില്ലാ സെക്രട്ടറി ചടങ്ങില്‍ ഹാരമണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
നഗരസഭയിലെ 13, 14, 15 വാര്‍ഡുകളിലെ 80 ഓളം കുടുംബങ്ങളില്‍നിന്നും മീനച്ചില്‍, രാമപുരം പഞ്ചായത്തുകളില്‍നിന്നുള്ളവര്‍ക്കുമാണ് സ്വീകരണം നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ആര്‍ ടി മധുസൂദനന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, ടി ആര്‍ വേണുഗോപാല്‍, ജോയി കുഴിപ്പാല, വി ജി വിജയകുമാര്‍, ഏരിയാ സെക്രട്ടറി പി എം ജോസഫ്, കെ എസ് രാജു എന്നിവര്‍ സംസാരിച്ചു.