പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശം

ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപോര്‍ട് തിങ്കാളാഴ്ച ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.ഇബ്രാഹികുഞ്ഞിന്റെ ജാമ്യാപേക്ഷയം വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ചൊവ്വാഴ്ച കോടതി പരിഗണിക്കും

Update: 2020-11-19 08:07 GMT

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അറസ്റ്റു ചെയ്ത പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപോര്‍ട് തിങ്കാളാഴ്ച ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ അപേക്ഷയും ജാമ്യം തേടിയുള്ള ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷയും പരിഗണിക്കവെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദേശം.

അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ്  ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍ നിലവില്‍ കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.ഡിസ്ചാര്‍ജ് സംബന്ധിച്ച് ആശുപത്രി റിപോര്‍ട് വരണമെന്നും കോടതി പറഞ്ഞു.നാലു ദിവസത്തെ കസ്റ്റഡിയാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.തുടര്‍ന്ന് വിജിലന്‍സിന്റെ അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഇബ്രാഹിംകുഞ്ഞിനെ രാഷ്ട്രീയ പ്രേരിതമായിട്ടാണ് അറസ്റ്റ് ചെയ്തതെന്ന് ഇബ്രാഹിംകുഞ്ഞിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

പാലം നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ തീരുമാനിച്ചത് ഉദ്യോഗസ്ഥരാണ്. ഒപ്പിട്ടുവെന്ന കാരണത്താല്‍ ഇതില്‍ മന്ത്രിക്ക് ഉത്തരവാദിത്വമുണ്ടാകില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദമുയര്‍ത്തി.കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയത് ഉദ്യോഗസ്ഥരുടെ തീരുമാനമാണെന്നും അഭിഭാഷകന്‍ വാദിച്ചു.വിജിന്‍ലന്‍സിന്റെ റിമാന്‍ഡ് റിപോര്‍ട് ഇന്നാണ് കിട്ടിയതെന്നും കുറച്ചു രേഖകള്‍ കൂടി ഹാജരാക്കാന്‍ സമയം തരണമെന്നും ഇബ്രാഹിംകുഞ്ഞിനായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

Tags:    

Similar News