പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി
സ്പീക്കറുടെ അനുമതിയോടെ വിജിലൻസിന് അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് കടക്കാം. മൂന്ന് മാസമായിട്ടും വിജിലന്‍സിന്റെ അപേക്ഷയില്‍ തീരുമാനം വരാതിരുന്നത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ഉടന്‍ തന്നെ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യചെയ്യുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ തീരുമാനം. സ്പീക്കറുടെ അനുമതിയോടെ വിജിലൻസിന് അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് കടക്കാം. മൂന്ന് മാസമായിട്ടും വിജിലന്‍സിന്റെ അപേക്ഷയില്‍ തീരുമാനം വരാതിരുന്നത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ഉടന്‍ തന്നെ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യചെയ്യുമെന്നാണ് കരുതുന്നത്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സിന് തെളിവ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞിനെ കൂടി കേസില്‍ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് സംഘം നിഗമനത്തിലെത്തി. ഇതിനായി പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട് വിജിലന്‍സ് സംഘം സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. മൂന്നുമാസം മുമ്പാണ് കത്തു നല്‍കിയത്.
ഇബ്രാഹിംകുഞ്ഞ് നിലവില്‍ എംഎല്‍എയായതിനാല്‍ വിജിലന്‍സിന്റെ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നുപ്രാവശ്യം ഗവര്‍ണറുടെ ഓഫീസ് ചില വിശദാംശങ്ങള്‍ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. എന്നാല്‍ മൂന്നുമാസമായിട്ടും വിജിലന്‍സിന്‍രെ അപേക്ഷയില്‍ അന്തിമതീരുമാനം ഉണ്ടാകാത്തത് വന്‍വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഹൈക്കോടതിയും വിജിലന്‍സ് അപേക്ഷയില്‍ എന്താണ് തീരുമാനമെന്ന് സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സിന്റെ അപേക്ഷയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഗവര്‍ണറുടെ ഓഫീസ് നീക്കമാരംഭിച്ചത്. തുടർന്ന് എജിയോട് നിയമോപദേശം തേടുകയായിരുന്നു.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുവായ അന്വേഷണമാണ് വിജിലന്‍സ് ഇതുവരെ നടത്തിയിരുന്നത്. അഴിമതി നിരോധന നിയമത്തില്‍ 2018ല്‍ വരുത്തിയ ഭേദഗതി പ്രകാരം പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാറിന്റെ അനുമതി വേണം.
പാലാരിവട്ടം പാലം നിര്‍മ്മാണ വേളയില്‍ ഇബ്രാഹിംകുഞ്ഞ് സ്വത്ത് വാങ്ങിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിലും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ചെയര്‍മാനെന്ന നിലയിലും പാലാരിവട്ടം മേല്‍പ്പാലം പണിയില്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകളും അന്വേഷണ വിധേയമാക്കുന്നത്. കൊച്ചിയിലെ അന്വേഷണ സംഘത്തിന്റെ ആസ്ഥാനത്ത് ഒരുവട്ടം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിലെ ഉള്‍പ്പെടെ ഇബ്രാഹിം കുഞ്ഞ് ബിനാമി പേരുകളില്‍ വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. പാലാരിവട്ടം അഴിമതി അന്വോഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാനും ആലോചനയുണ്ട്.