പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജിനെ വിജിലന്‍സ് ചോദ്യംചെയ്തു; തനിക്ക് പങ്കില്ലെന്ന് വിശദീകരണം

സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും പദ്ധതിയുമായി തനിക്ക് മൂന്നുമാസത്തെ മാത്രം ബന്ധമേയുള്ളുവെന്നും സൂരജ് വ്യക്തമാക്കി. പാലം അഴിമതിക്കേസില്‍ മൂന്നുമണിക്കൂര്‍ നീണ്ട വിജിലന്‍സ് ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സൂരജ്.

Update: 2019-08-29 09:43 GMT

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ്. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും പദ്ധതിയുമായി തനിക്ക് മൂന്നുമാസത്തെ മാത്രം ബന്ധമേയുള്ളുവെന്നും സൂരജ് വ്യക്തമാക്കി. പാലം അഴിമതിക്കേസില്‍ മൂന്നുമണിക്കൂര്‍ നീണ്ട വിജിലന്‍സ് ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സൂരജ്.

പാലം നിര്‍മാണത്തില്‍ എന്തെങ്കിലും പാളിച്ചകളുണ്ടായിട്ടുണ്ടെങ്കില്‍ അത് ബോധപൂര്‍വമാവാനിടയില്ല. പാലത്തിന്റെ പുനര്‍നിര്‍മാണം കരാറുകാരന്റെ ഉത്തരവാദിത്വമാണെന്നും അത് സര്‍ക്കാരിന്റെ ബാധ്യതയല്ലെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. പാലവുമായി ബന്ധപ്പെട്ട ക്രമക്കേടുമായി ബന്ധപ്പെട്ട പ്രാഥമികാന്വേഷണത്തില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയിരുന്നു.

                            തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനമുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്‌സ് എംഡി സുമിത് ഗോയലിനെയും മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് സുമിത് ഗോയല്‍. സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൈമാറിയോ എന്നതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷിച്ചിരുന്നു.

ആര്‍ഡിഎസ്സിന്റെയും സുമിത് ഗോയലിന്റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. കോഴ കൈപ്പറ്റിയതായി വിജിലന്‍സ് സംശയിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലന്‍സിന്റെ പക്കലുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയപാതാ വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മാണച്ചുമതല നല്‍കിയത്. 

Tags:    

Similar News