പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു
അഴിമതി കേസുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം വിജിലൻസിനോട് പറഞ്ഞതായി ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം: കൊച്ചി പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു. തിരുവനന്തപുരം പൂജപ്പുരയിലെ ഓഫീസിൽ ഇന്നു രാവിലെ 11ന് വിജിലൻസ് ഡിവൈഎസ് പി ശ്യം കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ ആരംഭിച്ചത്.
അഴിമതി കേസുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം വിജിലൻസിനോട് പറഞ്ഞതായി ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ വിജിലൻസ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇബ്രാഹിം കുഞ്ഞിൽനിന്നു ചോദിച്ചറിയുന്നതിനു വേണ്ടിയാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇബ്രാഹിംകുഞ്ഞും വ്യക്തമാക്കിയിരുന്നു.
കരാറുകാരായ ആർഡിഎസ് കമ്പ നിക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണം. കരാർ കമ്പനിക്ക് മുൻകൂറായി എട്ടേകാൽ കോടി രൂപ കിട്ടിയതിനു പിന്നിൽ മന്ത്രിയുടെ ഇടപെടലാണെന്നാണ് വിജിലൻസ് നിഗമനം.