പാലാരിവട്ടം അഴിമതിക്കേസ്: വിജിലന്‍സ് അഭിഭാഷകനു നേരെ ആക്രമണശ്രമം; പോലിസ് സുരക്ഷ
രണ്ടാമത്തെ സംഭവവും ഉണ്ടായതോടെ രാജേഷ് വിജിലന്‍സ് ഡയറക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലിസ് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.
കൊച്ചി: ഉന്നതര്‍ പ്രതികളായ പാലാരിവട്ടം പാലം അഴിമതിക്കേസിലെ വിജിലന്‍സ് അഭിഭാഷകന്‍ എ രാജേഷിനും നേരെ ആക്രമണശ്രമവും ഭീഷണിയും ഉണ്ടായതിനെ തുടര്‍ന്ന് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ചിലര്‍ പരസ്യമായി വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന അഭിഭാഷകന്റെ പരാതിയെ തുടര്‍ന്നാണ് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വിജിലന്‍സിന്റെ ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായ എ രാജേഷിന് ഇത്തരത്തിലുള്ള അനുഭവമുണ്ടായത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്.
ശനിയാഴ്ച രാത്രി 10നു മുളവുകാട് ഭാഗത്തുകൂടി യാത്രചെയ്യുന്നതിനിടെ രാജേഷിന്റെ കാറ് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തിലെത്തിയവര്‍ തടയുകയും ആക്രമണത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച പാലാരിവട്ടം റിനൈസണ്‍സ് ഹോട്ടലിന് സമീപത്താണ് വീണ്ടും കൈയേറ്റ ശ്രമമുണ്ടായത്. അന്ന് കേസിന്റെ പേര് പറഞ്ഞാണ് അക്രമികള്‍ ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. അക്രമികള്‍ എത്തിയ വാഹനത്തിന്റെ ചിത്രം അഭിഭാഷകന്‍ പകര്‍ത്തിയിരുന്നു. ഇത് പോലിസിന് കൈമാറും. രണ്ടാമത്തെ സംഭവവും ഉണ്ടായതോടെ രാജേഷ് വിജിലന്‍സ് ഡയറക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലിസ് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടയുള്ള പ്രതികള്‍ 35 ദിവസമായി ജയിലിലാണ്. മുന്‍ മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെതിരേ ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു.