പാലത്തായി പീഡനക്കേസിലെ കൂട്ടുപ്രതികളെയും അറസ്റ്റുചെയ്യണം; അധികാരികള്‍ക്ക് താക്കീതായി വനിതകളുടെ പ്രതിഷേധം
മുഖ്യപ്രതിയായ സ്‌കൂളിലെ അധ്യാപകനും ബിജെപി മണ്ഡലം പ്രസിഡന്റുമായ പത്മരാജന് ഒളിത്താവളമൊരുക്കിക്കൊടുത്ത പൊയിലൂരിലെ രണ്ടാംപ്രതിയെക്കുറിച്ച് പെണ്‍കുട്ടി തെളിവുനല്‍കിയിട്ടും അറസ്റ്റുവൈകുന്നത് പോലിസിലെ കാവിവല്‍ക്കരണമാണ് സൂചിപ്പിക്കുന്നതെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ ആരോപിച്ചു.
കണ്ണൂര്‍: പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയും ബിജെപി നേതാവുമായ പത്മരാജന്റെ കൂട്ടാളികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വനിതകള്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും കേസിന്റെ മെല്ലെപ്പോക്കില്‍ ആശങ്ക അറിയിച്ച് കടവത്തൂരിന്റെ പെണ്‍കരുത്ത് നടത്തിയ പ്രതിഷേധപരിപാടി അധികാരികള്‍ക്കും സ്ത്രീപീഡകര്‍ക്കും ശക്തമായ താക്കീതായി.
മുഖ്യപ്രതിയായ സ്‌കൂളിലെ അധ്യാപകനും ബിജെപി മണ്ഡലം പ്രസിഡന്റുമായ പത്മരാജന് ഒളിത്താവളമൊരുക്കിക്കൊടുത്ത പൊയിലൂരിലെ രണ്ടാംപ്രതിയെക്കുറിച്ച് പെണ്‍കുട്ടി തെളിവുനല്‍കിയിട്ടും അറസ്റ്റുവൈകുന്നത് പോലിസിലെ കാവിവല്‍ക്കരണമാണ് സൂചിപ്പിക്കുന്നതെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ ആരോപിച്ചു. പാനൂര്‍ പൊയിലൂരിലെ ബിജെപി നേതാവിന്റെ വീട്ടില്‍നിന്നാണ് പത്മരാജനെ പോലിസ് അറസ്റ്റുചെയ്തത്.
പ്രതിക്ക് ജാമ്യം കിട്ടുന്ന തരത്തിലാണ് പോലിസിന്റെ അന്വേഷണം നടക്കുന്നതെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു. ഹാറൂണ്‍ കടവത്തൂര്‍ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. സറീനാ ഹാറൂണ്‍, ശമീനാ അശ്‌റഫ്, സാജിത എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സഫരിയ ഇസ്മയില്‍ പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. നാറോള്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് അഭിവാദ്യമര്‍പ്പിക്കാനെത്തിയിരുന്നു.