പാലത്തായി പോക്‌സോ കേസ്: സിഐ ശ്രീജിത്തിനെതിരേ നടപടിയാവശ്യപ്പെട്ട് കാംപസ് ഫ്രണ്ടിന്റെ പരാതി

വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ട സംഭവം മാര്‍ച്ച് 17ന് പാനൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടും കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഒരുമാസം കഴിഞ്ഞാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Update: 2020-04-19 16:43 GMT

കണ്ണൂര്‍: പാനൂര്‍ പാലത്തായി നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ പത്മനാഭനെതിരെയുള്ള അന്വേഷണത്തില്‍ കൃത്യവിലോപം നടത്തുകയും പ്രതിയെ സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്ത പാനൂര്‍ മുന്‍ സിഐ ശ്രീജിത്തിനെതിരേ നടപടിയാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പരാതി നല്‍കി. വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ട സംഭവം മാര്‍ച്ച് 17ന് പാനൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടും കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഒരുമാസം കഴിഞ്ഞാണ് പ്രതിയെ അറസ്റ്റുചെയ്തത്. പോക്‌സോ കേസില്‍ കാണിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതായും കാണാവുന്നതാണ്.

ഇതിനിടയില്‍ സ്ഥലമാറ്റത്തിലൂടെ അന്വേഷണ ചുമതലയില്ലാത്ത സിഐ ശ്രീജിത്ത് പെണ്‍കുട്ടിയെ കോഴിക്കോടുള്ള സ്വകാര്യ മാനസികാരോഗ്യകേന്ദ്രത്തില്‍ കൗണ്‍സിലിങ്ങിനായി കൊണ്ടുവന്നപ്പോള്‍ യൂനിഫോമില്‍ നേരിട്ട് കാണുകയും മാനസികമായി തളര്‍ത്താനുള്ള ശ്രമവുമുണ്ടായി. താല്‍ക്കാലിക ജോലിയിലുണ്ടായിരുന്ന അധ്യാപകന് നേരെ കുറ്റമാരോപിക്കണമെന്നും ഇദ്ദേഹം പറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞിരുന്നു. ഇത്തരം സംഭവത്തില്‍ പ്രതിയുമായി സിഐയുടെ ബന്ധം പുറത്തുകൊണ്ടുവരാനും അധികാരദുരുപയോഗത്തിന് വകുപ്പുതല അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി എം അമീന്‍, സംസ്ഥാന, ജില്ലാ പോലിസ് മേധാവിമാര്‍ക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. 

Tags:    

Similar News