പാലത്തായി പീഡനം: ബിജെപി നേതാവിന്റെ അറസ്റ്റ് വൈകുന്നത് അപലപനീയം- എന്‍ഡബ്ല്യുഎഫ്
തുടക്കം മുതല്‍ പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് പോലിസ് സ്വീകരിക്കുന്നത്. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം.
കോഴിക്കോട്: കണ്ണൂര്‍ കടവത്തൂര്‍ പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍വച്ച് പീഡിപ്പിച്ച അധ്യാപകനും ബിജെപി നേതാവുമായ കുറങ്ങാട് പപ്പന്‍ എന്ന പത്മരാജനെ സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും അറസ്റ്റുചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഷാഹിന വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് കുട്ടിയുടെ സഹപാഠി നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. പാവപ്പെട്ട കുടുംബത്തിലെ കുട്ടിയായതിനാല്‍ നിരന്തരമായി മൊഴിയെടുക്കലിന് വിധേയമാക്കി കുട്ടിയെ മാനസികമായി തളര്‍ത്താനാണ് അധികാരികള്‍ ശ്രമിക്കുന്നത്.
തുടക്കം മുതല്‍ പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് പോലിസ് സ്വീകരിക്കുന്നത്. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹ്യസുരക്ഷ ഉറപ്പാക്കേണ്ട മന്ത്രി കെ കെ ശൈലജയുടെ മണ്ഡലത്തിലാണ് പോലിസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപമുണ്ടായതെന്നത് നിര്‍ഭാഗ്യകരമാണ്. പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവാത്തതും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വാധീനങ്ങള്‍ക്ക് വഴിപ്പെടുന്നതുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്.
പ്രതിയുടെ രാഷ്ട്രീയബന്ധം കണക്കിലെടുക്കാതെ ശക്തമായ നടപടി സ്വീകരിക്കാനുളള ഇച്ഛാശക്തി സര്‍ക്കാരിനില്ലാതെ പോയത് അപലപനീയമാണ്. അറസ്റ്റ് വൈകുന്നതിനെതിരേ സംസ്ഥാന വ്യാപകമായി ജനവികാരം ഉയര്‍ന്നതോടെയാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടായത്. പാലത്തായി മറ്റൊരു വാളയാറായി മാറരുത്. സ്വന്തം വിദ്യാര്‍ഥിനിയോട് ക്രൂരതകാട്ടിയ നരാധമനെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും ടി ഷാഹിന ആവശ്യപ്പെട്ടു.