പാലത്തായി: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും

നാളെ പ്രഥമവിവര റിപോര്‍ട്ടിന്റെ വ്യക്തതയുള്ള പകര്‍പ്പ് ഹൈക്കോടതിക്ക് നല്‍കും. ഇരയുടെ മാതാവാണ് പ്രതി പത്മരാജന്റെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Update: 2020-07-28 13:48 GMT

കോഴിക്കോട്: പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി നാളെ പരിഗണിക്കും. ഈമാസം 25ന് നല്‍കിയ ഹരജി സാങ്കേതിക കാരണങ്ങളാല്‍ പരിഗണിക്കപ്പെടുന്നത് വൈകുകയായിരുന്നു. ഹരജിയ്‌ക്കൊപ്പം ഹാജരാക്കിയ എഫ്‌ഐആറിന്റെ പകര്‍പ്പ് അക്ഷരങ്ങള്‍ വ്യക്തമാവാത്തതാണ് കാരണം. നാളെ പ്രഥമവിവര റിപോര്‍ട്ടിന്റെ വ്യക്തതയുള്ള പകര്‍പ്പ് ഹൈക്കോടതിക്ക് നല്‍കും. ഇരയുടെ മാതാവാണ് പ്രതി പത്മരാജന്റെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗല്‍ എക്സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റുമുണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായകമായ വിധം പോക്സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് പോലിസ് കുറ്റപത്രം നല്‍കിയത്. 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തതുകൊണ്ടുതന്നെ പ്രതിക്ക് ജാമ്യം അവകാശമാവുന്നില്ല.

പോക്സോ ഒഴിവാക്കിയ കുറ്റപത്രം കൊടുത്തത് പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ടപ്പെട്ടെന്നും ക്രിമിനല്‍ ചട്ടനിയമത്തിന്റെ 439 (1A) പ്രകാരം ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമവിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രതി വലിയ സ്വാധീനമുള്ള രാഷ്ട്രീയനേതാവായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും സ്‌കൂള്‍ രേഖകള്‍ തിരുത്താനും സാധ്യതയുണ്ട്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലടച്ച് കേസിന്റെ വിചാരണ നടത്തേണ്ടതുണ്ടെന്നും അഡ്വ.മുഹമ്മദ് ഷാ, അഡ്വ.സൂരജ്, അഡ്വ.ജനൈസ് എന്നിവര്‍ മുഖാന്തരം കൊടുത്ത അപേക്ഷയില്‍ പറയുന്നു. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഡ്വ. മുഹമ്മദ് ഷാ തേജസ് ന്യൂസിനോടു പറഞ്ഞു.  

Tags:    

Similar News