പാലത്തായി പീഡനക്കേസ്: സര്‍ക്കാര്‍ സംഘപരിവാറിന് വിധേയപ്പെടുന്നു- എസ്ഡിപിഐ

സ്വന്തം അധ്യാപകനാല്‍ പത്തു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി ഒന്നിലേറെ തവണ പീഡിപ്പിക്കപ്പെട്ടെന്ന കേസില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്താത്തത് സര്‍ക്കാരിന്റെ വിധേയത്വം വ്യക്തമാക്കുന്നു.

Update: 2020-07-15 09:15 GMT

തിരുവനന്തപുരം: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കുന്നതിന് ഒത്താശ ചെയ്ത് സര്‍ക്കാര്‍ സംഘപരിവാരത്തിന് വിധേയപ്പെടുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സ്വന്തം അധ്യാപകനാല്‍ പത്തു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി ഒന്നിലേറെ തവണ പീഡിപ്പിക്കപ്പെട്ടെന്ന കേസില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്താത്തത് സര്‍ക്കാരിന്റെ വിധേയത്വം വ്യക്തമാക്കുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് സ്ഥിരീകരിക്കുന്ന വൈദ്യ പരിശോധന റിപോര്‍ട്ടും മജിസ്ട്രേറ്റിനു സ്വമേധയാ നല്‍കിയ നിയമ പരിരക്ഷയുള്ള ഇരയുടെ മൊഴിയും നിലനില്‍ക്കുമ്പോള്‍ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയത് ന്യായീകരിക്കാനാവില്ല. ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി, അന്വേഷണം തുടരുമെന്നും അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ ആവശ്യമെങ്കില്‍ വീണ്ടും കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കുമെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ വിശദീകരണം കേട്ടുകേള്‍വി ഇല്ലാത്തതാണ്.

പരിഷ്‌കരിക്കപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും പോക്സോ നിയമത്തിലെ സുപ്രധാന വകുപ്പുകളനുസരിച്ചും ഇരയുടെ മൊഴി തന്നെയാണ് ഇത്തരം കേസുകളില്‍ നിര്‍ണായകമെന്നിരിക്കെ ബിജെപി നേതാവായ കുറ്റവാളിയെ സംരക്ഷിക്കണമെന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധമെന്ന് വ്യക്തമാക്കാന്‍ ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബാധ്യതയുണ്ട്. പത്മരാജന്‍ മറ്റൊരു സംഘപരിവാര സഹപ്രവര്‍ത്തകന് കാഴ്ചവെച്ചെന്ന ഇരയുടെ മൊഴിയില്‍ ഇതുവരെ അന്വേഷണം പോലും നടത്തിയിട്ടില്ല. കൂടാതെ ഇരയുടെ മാതാവിന്റെ മൊഴിപോലും രേഖപ്പെടുത്താന്‍ തയ്യാറാവാത്ത അന്വേഷണ സംഘങ്ങളുടെ ഇരട്ടത്താപ്പ് സര്‍ക്കാര്‍ സ്ത്രീ പീഢകര്‍ക്കൊപ്പമുണ്ട് എന്നു വ്യക്തമാക്കുന്നതാണ്.

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മണ്ഡലത്തില്‍ നടന്ന പീഢനക്കേസില്‍ പ്രതിയായ സംഘപരിവാര നേതാവിന് നല്‍കുന്ന സംരക്ഷണം ലജ്ജാകരമാണ്. കേസിന്റെ തുടക്കം മുതല്‍ പാനൂര്‍ പോലിസും തുടര്‍ന്നു വന്ന ക്രൈംബ്രാഞ്ച് സംഘവും നടത്തുന്ന മെല്ലെപ്പോക്ക് നീതിയെയും നിയമവാഴ്ചയെയും അവഹേളിക്കുന്ന തരത്തിലാണ്. അനാഥയായ പിഞ്ചു ബാലികയെ പീഡിപ്പിച്ച നരാധമന്‍ കണ്‍മുമ്പില്‍ ഉണ്ടായിട്ടും അറസ്റ്റുചെയ്യാന്‍ പോലും ജനകീയ പ്രക്ഷോഭങ്ങള്‍ അനിവാര്യമായി എന്നത് സിപിഎം-ബിജെപി- പോലിസ് ബാന്ധവമാണ് വ്യക്തമാക്കുന്നത്. അനാഥയായ സ്വന്തം വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഢിപ്പിച്ച പത്മരാജനെ ഇനിയും രക്ഷിക്കാനാണ് സര്‍ക്കാരും പോലിസും ഒത്തുകളിക്കുന്നതെങ്കില്‍ സംസ്ഥാന വ്യാപകമായ ജനകീയ പ്രക്ഷോഭങ്ങളെ നേരിടേണ്ടിവരുമെന്നും സെക്രട്ടറിയേറ്റ് യോഗം മുന്നറിയിപ്പു നല്‍കി. ഓണ്‍ലൈന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.

Tags:    

Similar News