അയൽവാസിയെ കുത്തി കൊലപ്പെടുത്തി; പ്രതിക്കായി അതിർത്തി പ്രദേശത്ത് തിരച്ചിൽ
മുള്ളുവിള സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ജയൻ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഇയാളും സുഹൃത്തുക്കളും ചേർന്ന് ചാരായക്കച്ചവടം തുടങ്ങി.
തിരുവനന്തപുരം: പാറശ്ശാലയിൽ വധശ്രമക്കേസ് പ്രതിയുടെ കുത്തേറ്റ് അയൽവാസി മരിച്ച സംഭവത്തിൽ പോലിസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിക്കായി അതിർത്തിപ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് പാറശ്ശാല ഇലങ്കം റോഡിൽ വെട്ടുവിള വീട്ടിൽ സെൽവരാജ്(മണിയൻ- 57) കുത്തേറ്റ് മരിച്ചത്. വെട്ടുവിള പുത്തൻവീട്ടിൽ ജയനാ(സനു)ണ് കൊലപ്പെടുത്തിയത്. ജയാളുടെ അച്ഛൻ സുന്ദരൻ കേസിൽ രണ്ടാം പ്രതിയാണ്.
മുള്ളുവിള സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ജയൻ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഇയാളും സുഹൃത്തുക്കളും ചേർന്ന് ചാരായക്കച്ചവടം തുടങ്ങി. വിവരമറിഞ്ഞ് എക്സൈസും പോലിസും ജയന്റെ വീട്ടുപരിസരത്ത് പരിശോധന നടത്തിയിരുന്നു. ഈ വിവരം അധികൃതർക്കു നൽകിയത് സെൽവരാജാണെന്ന ധാരണയിൽ ശനിയാഴ്ച രാത്രി സനുവും അച്ഛൻ സുന്ദരനും വീടിനു മുന്നിൽവച്ച് സെൽവരാജുമായി വാക്കുതർക്കത്തിലേർപ്പെട്ടെന്ന് പോലിസ് പറയുന്നു.
തർക്കം രൂക്ഷമായതോടെ ജയൻ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് സെൽവരാജിനെ കുത്തി. സെൽവരാജിനെ ഇരുവരും ആക്രമിക്കുന്നതു കണ്ട് തടയാനെത്തിയ സെൽവരാജിന്റെ അനുജൻ ബിനുവിനെയും ജയൻ കുത്തി. പരിസരവാസികൾ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പാറശ്ശാല പോലിസാണ് കുത്തേറ്റു വീണ ഇരുവരെയും പാറശ്ശാല ആശുപത്രിയിലെത്തിച്ചത്.
സെൽവരാജ് പാറശ്ശാല ആശുപത്രിയിൽവച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബിനു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ജയൻ ഓടി രക്ഷപ്പെട്ടു. അതിർത്തിയോടു ചേർന്ന പ്രദേശമായതിനാൽ പ്രതി തമിഴ്നാട്ടിലേക്കു കടന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് പോലിസ് പറയുന്നത്.