പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
അംഗങ്ങളെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.സിംഗിള്‍ ബഞ്ച് നടപടി ചോദ്യം ചെയ്തു അപ്പീല്‍ സമര്‍പ്പിക്കുമെന്നു ഹരജിക്കാര്‍ വ്യക്തമാക്കി.
കൊച്ചി: പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. അംഗങ്ങളെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. വിനീതാ ഗിരീഷ്, എ ആര്‍ കൃഷ്ണവേണി, ഗിരിജ, ഉമ്മര്‍ പാലത്തിങ്കല്‍, കെ വി എ ജബ്ബാര്‍, കുഞ്ഞു മുഹമ്മദ് റഷീദ്, മുഷ്താഖ് അബ്ദുള്‍ നസീര്‍, അബ്ദുള്‍ ഹക്കിം റാസി, ബള്‍ക്കീസ്, മുനീര്‍, ജയലേഖ, സുനിത, ആമിന, എ കെ അക്ബര്‍, ഷീജ, സംഗീത, കെ സി മണികണ്ഠന്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. ജസ്റ്റീസ് അനില്‍ കെ നരേന്ദ്രനാണ് പരിഗണിച്ചത്. സിംഗിള്‍ ബഞ്ച് നടപടി ചോദ്യം ചെയ്തു അപ്പീല്‍ സമര്‍പ്പിക്കുമെന്നു ഹരജിക്കാര്‍ വ്യക്തമാക്കി.
കേരള മുനിസിപ്പാലിറ്റി ആക്ടിലെ ചട്ടിപ്രകാരം ആസ്തി -ബാധ്യതാ വിവരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാതെ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ 28 അംഗ നഗരസഭയിലെ 17 പേരെ അയോഗ്യരാക്കിയത്. ഇതില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടും. 2015 നവംബര്‍ 12 ന് ചുമതലയേറ്റ അംഗങ്ങള്‍ 30 മാസത്തിനുള്ളില്‍ സ്വത്ത് വിവരങ്ങള്‍ നിശ്ചിത ഫോമില്‍ കൊച്ചിയിലെ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ പാലിക്കാത്തവരെയാണ് അയോഗ്യരാക്കിയത്.