ഉപയോഗിക്കുന്ന ചാനലിന് മാത്രം പണം; പുതിയ ചട്ടം ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍
പുതിയ സംവിധാനത്തില്‍ 100 ചാനലുകളാണ് 154 രൂപ (130 രൂപയും ജിഎസ്ടിയും ചേര്‍ന്ന്) മാസവരിസംഖ്യയ്ക്കു ലഭിക്കുന്നത്. ഇതില്‍ 26 ദൂരദര്‍ശന്റെ ചാനലുകളാണ്. ബാക്കി 74 എണ്ണം ഉപയോക്താക്കള്‍ക്കു തിരഞ്ഞെടുക്കാം.
കൊച്ചി: ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കാനും ഉപയോഗിക്കുന്ന ചാനലുകള്‍ക്കു മാത്രം പണം നല്‍കാനും അവസരമൊരുക്കുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)യുടെ പുതിയ ചട്ടം ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. പുതിയ സംവിധാനത്തില്‍ 100 ചാനലുകളാണ് 154 രൂപ (130 രൂപയും ജിഎസ്ടിയും ചേര്‍ന്ന്) മാസവരിസംഖ്യയ്ക്കു ലഭിക്കുന്നത്. ഇതില്‍ 26 ദൂരദര്‍ശന്റെ ചാനലുകളാണ്. ബാക്കി 74 എണ്ണം ഉപയോക്താക്കള്‍ക്കു തിരഞ്ഞെടുക്കാം.
കേബിള്‍, ഡിടിഎച്ച് സേവനദാതാക്കള്‍ക്ക് 25 സൗജന്യചാനലുകളുടെ ബൊക്കെകള്‍ (പ്രത്യേക പാക്കേജ്) നല്‍കാനാവും. ഇതിന് 20 രൂപയാണ് സാറ്റലൈറ്റ് കപ്പാസിറ്റി ഫീസായി നല്‍കേണ്ടത്. ഇതും ആവശ്യമെങ്കില്‍ ഉപയോക്താക്കള്‍ക്കു തിരഞ്ഞെടുക്കാം. ഇത്തരത്തില്‍ 170 (നികുതിക്കു പുറമേ) രൂപയുടെ വരെ പാക്കേജ് സേവനദാതാക്കള്‍ക്കു നല്‍കാനാവും. എന്നാല്‍, കൂടുതല്‍ പേ ചാനലുകള്‍ ആവശ്യമായി വരുന്ന ഉപയോക്താക്കള്‍ക്കു നിരക്കുകൂടും. ഡിടിഎച്ച് സേവനദാതാക്കളും കേബിള്‍ ഓപറേറ്റര്‍മാരും ഓരോ ചാനലിന്റെയും വില ഉപയോക്താക്കള്‍ക്കു നല്‍കണം. ഡിടിഎച്ച് സര്‍വീസുകള്‍ ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡിലും (ഇപിജി) കേബിള്‍ ഓപറേറ്റര്‍മാര്‍ സെറ്റ്‌ടോപ് ബോക്‌സിന്റെ മെനു ലിസ്റ്റിലും ചാനലിന്റെ വില പ്രസിദ്ധീകരിക്കണം. കേബിള്‍ ടിവിയില്‍ ഓരോ ചാനല്‍ മാറ്റുമ്പോഴും ടിവി സ്‌ക്രീനിന്റെ താഴെ ലഭിക്കുന്ന ബാറില്‍ ചാനലിന്റെ പേരിനൊപ്പം സൗജന്യചാനലെന്നോ പേ ചാനലാണെങ്കില്‍ അതിന്റെ വിലയോ ഇപ്പോള്‍ നല്‍കുന്നുണ്ട്.
ചാനലുകളുടെ വിലയടങ്ങിയ ലിസ്റ്റ് ഓപറേറ്റര്‍മാര്‍ വിതരണം ചെയ്യണമെന്നും ട്രായി നിര്‍ദേശിക്കുന്നു. ഓപറേറ്റര്‍മാര്‍ ചാനല്‍, ബൊക്കെ ലിസ്റ്റുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ആവശ്യമുള്ള ചാനല്‍ തിരഞ്ഞെടുത്ത് ഉപഭോക്താക്കള്‍ ലിസ്റ്റ് പൂരിപ്പിച്ചുനല്‍കണം. ചാനലുകളുടെ വിലകളും ചാനല്‍ ഉടമകള്‍ പ്രഖ്യാപിച്ച ബൊക്കെകളും ഈ ലിസ്റ്റിലുണ്ടാവും. ബൊക്കെകളല്ലാതെയും പേ ചാനലുകള്‍ തിരഞ്ഞെടുക്കാം. ലിസ്റ്റ് ലഭിച്ചിട്ടില്ലെങ്കില്‍ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് ആവശ്യപ്പെടാം. ആവശ്യാനുസരണം ചാനല്‍ മാറ്റിയെടുക്കാനും അവസരമുണ്ട്. ഒരു പേ ചാനലിന്റെ പരമാവധി വില 19 രൂപയാണ്. ഓണ്‍ലൈനായും ചാനലുകള്‍ തിരഞ്ഞെടുക്കാം.
സേവനദാതാക്കളുടെ (കേബിള്‍, ഡിടിഎച്ച്) വെബ്‌സൈറ്റില്‍ ചാനല്‍ വിവരങ്ങള്‍ ലഭ്യമാണ്. മാസവരിസംഖ്യ മുന്‍കൂറായി അടയ്ക്കാം. അതേസമയം, പുതിയ സംവിധാനത്തിലേക്ക് ചാനലുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കളുടെ എണ്ണം 10 ശതമാനത്തില്‍ താഴെയാണ്. 130 രൂപയുടെ അടിസ്ഥാന പായ്ക്കില്‍ പേ ചാനലുകളും ഉള്‍പ്പെടുത്തണമെന്ന് ട്രായ് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും എത്ര ചാനലുകളെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവാത്തതാണ് ഉപഭോക്താക്കള്‍ വിമുഖത പ്രകടിപ്പിക്കാനുള്ള കാരണം.