പെരിന്തല്‍മണ്ണയില്‍ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ദുരന്തനിവാരണപ്രവര്‍ത്തനം ആരംഭിച്ചു

നഗരസഭയുടെ ദുരന്തനിവാരണ പദ്ധതിയിലും നഗരസഭാ ബജറ്റിലെ 45 ഇന പരിപാടിയിലും ഉള്‍പ്പെട്ട 'ഇനി ഞാനൊഴുകട്ടെ' എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രവൃത്തി നിര്‍വഹിക്കുന്നത്.

Update: 2020-05-21 10:10 GMT

പെരിന്തല്‍മണ്ണ: കഴിഞ്ഞ അതിവര്‍ഷത്തില്‍ ഉരുള്‍പൊട്ടിയ എഫ്‌സി അമ്മിനിക്കാടന്‍ മലനിരകളില്‍ നഗരസഭയില്‍പ്പെടുന്ന 3 പ്രദേശത്തും ആവശ്യമായ ദുരന്തനിവാരണ പ്രവൃത്തികള്‍ ആരംഭിച്ചു. കഴിഞ്ഞ പ്രളയകാലത്ത് വഴിപ്പാറ പാമ്പൂരാന്‍കാവ് മുറിയന്‍പാറ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടുകയും വെള്ളവും, പാറക്കല്ലുകളും ഒഴുകിവന്ന് കൃഷിസ്ഥലങ്ങള്‍ പുര്‍ണമായി നശിക്കുകയും വീടുകളില്‍ വെള്ളം കയറി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ പുതിയ തോടുകള്‍തന്നെ രൂപപ്പെട്ടു. ഈ വര്‍ഷവും അതികഠിനമായ മഴയുണ്ടാവുമെന്ന മുന്നറിയിപ്പ് പ്രദേശത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ കാലത്ത് രൂപപ്പെട്ട തോടുകളിലൂടെ വലിയ തോതില്‍ മഴവെള്ളം ഒഴുകിയെത്താനും നാശനഷ്ടങ്ങളുണ്ടാവാനും സാധ്യതയുണ്ട്.

ഈ സാഹചര്യം മുന്നില്‍കണ്ടാണ് നിലവില്‍ രൂപപ്പെട്ട ജനവാസമേഖലയിലൂടെയുള്ള വെള്ളമൊഴുക്ക് തടഞ്ഞ് ജലമൊഴുകാനുള്ള പുതിയമാര്‍ഗമുണ്ടാക്കി താല്‍ക്കാലിക പരിഹാരത്തിനുള്ള പ്രവൃത്തികള്‍ക്ക് നഗരസഭ രൂപംനല്‍കുന്നത്. ഒഴുകിവന്ന പാറക്കല്ലുകളും മണ്ണും തടയണ പോലെ കൂട്ടിയിട്ട് സംരക്ഷിക്കേണ്ട പ്രദേശം സംരക്ഷിച്ച് മറ്റൊരുഭാഗത്ത് കിടങ്ങുകീറി മലവെള്ളപ്പാച്ചില്‍ തിരിച്ചുവിടുന്ന പ്രവൃത്തിക്കാണ് ഇതുവഴി ഇപ്പോള്‍ തുടക്കംകുറിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ പ്രളയകാലവുംകൂടി വിലയിരുത്തി സ്ഥിരമായ സംവിധാനത്തിന് വരുംപദ്ധതികളില്‍ രൂപം നല്‍കും.

നഗരസഭയുടെ ദുരന്തനിവാരണ പദ്ധതിയിലും നഗരസഭാ ബജറ്റിലെ 45 ഇന പരിപാടിയിലും ഉള്‍പ്പെട്ട 'ഇനി ഞാനൊഴുകട്ടെ' എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രവൃത്തി നിര്‍വഹിക്കുന്നത്. നഗരത്തിലെ 15 കി.മീ. വരുന്ന തോടുകള്‍ ചെളിയും എക്കലും കോരി ആഴം വര്‍ധിപ്പിക്കുന്ന പ്രവൃത്തിയും ഈ പദ്ധതിക്കു കീഴില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പ്രവൃത്തിയുടെ പുരോഗതി വഴിപ്പാറയിലെ പ്രവര്‍ത്തി സ്ഥലത്തെത്തി നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം വിലയിരുത്തി. കൗണ്‍സിലര്‍മാരായ കിഴിശ്ശേരി വാപ്പു, കാരയില്‍ സുന്ദരന്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. 

Tags:    

Similar News