ചലച്ചിത്ര ഗാനരചയിതാവ് പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
കൊല്ലം ജില്ലയിലെ പെരുമ്പുഴയില്‍ ജനിച്ച അദ്ദേഹം, പെരുമ്പുഴയിലും കൊല്ലം ശ്രീനാരായണ കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു.
തിരുവനന്തപുരം: ചലച്ചിത്രഗാനരചയിതാവും എഴുത്തുകാരനും സിപിഐ നേതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ (89) അന്തരിച്ചു. ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) മുന്‍ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ ചൊവ്വാഴ്ച വൈകീട്ട് രണ്ടിന് നടക്കും. കൊല്ലം ജില്ലയിലെ പെരുമ്പുഴയില്‍ ജനിച്ച അദ്ദേഹം, പെരുമ്പുഴയിലും കൊല്ലം ശ്രീനാരായണ കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു.
എം എ ബിരുദധാരിയാണ്. പഠനകാലത്ത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനില്‍ ജോലിക്ക് കയറിയ ശേഷം എന്‍ജിഒ യൂനിയനിലും ജോയിന്റ് കൗണ്‍സിലിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സര്‍വീസ് മാസികയായ 'കേരള സര്‍വീസ്'ന്റെ ആദ്യപത്രാധിപരായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസനകോര്‍പറേഷന്‍ റിസര്‍ച്ച് ഓഫിസറായി റിട്ടയര്‍ ചെയ്തു. അവിടെ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു.
ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറിയുമായിരുന്നു. യുവകലാസാഹിതി പ്രസിഡന്റായും 'ഇസ്‌കഫ്' അഖിലേന്ത്യാ സമാധാനസമിതിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറ് സിനിമകളില്‍ പാട്ടെഴുതി. അബൂദബി ശക്തി അവാര്‍ഡ് നേടിയിട്ടുണ്ട്. ജി ദേവരാജന്‍ മാസ്റ്റര്‍, പി ഭാസ്‌കരന്‍ എന്നിവരുടെ ജീവചരിത്രവും നിരവധി കവിതാസമാഹാരങ്ങളും ചലച്ചിത്രപഠനങ്ങളും രചിച്ചിട്ടുണ്ട്.