"കവിത്രയ"ത്തിന്റെ യുഗാന്ത്യം...
അക്കിത്തം അച്യുതൻ നമ്പൂതിരി, സുഗത കുമാരി, വിഷ്ണു നാരായണൻ നമ്പൂതിരി എന്നിവരുടെ വിയോഗം മലയാള കാവ്യ പരമ്പരയിൽ ഒരു തലമുറ നഷ്ടം കൂടിയാണ്
കെപിഒ റഹ്മത്തുല്ല
കോഴിക്കോട്: വിഷ്ണു നാരായണൻ നമ്പൂതിരിയുടെ വിയോഗത്തോടെ,"കവിത്രയ"ത്തിന്റെ യുഗാന്ത്യമാണ് സംഭവിച്ചിരിക്കുന്നത്. ജന്മസാഫല്യമെന്നോണം കാവ്യസിദ്ധി കൈമുതലായിരുന്ന അക്കിത്തം അച്യുതൻ നമ്പൂതിരി, സുഗത കുമാരി, വിഷ്ണു നാരായണൻ നമ്പൂതിരി എന്നിവരുടെ വിയോഗം മലയാള കാവ്യ പരമ്പരയിൽ ഒരു തലമുറ നഷ്ടം കൂടിയാണ്.
കഴിഞ്ഞ ഒക്ടോബർ 15 നാണ് അക്കിത്തം മരിക്കുന്നത്. തുടർന്ന് ഒന്നിടവിട്ട മാസങ്ങളിലാണ് സുഗത കുമാരിയുടെയും വിഷ്ണു നാരായണൻ നമ്പൂതിരിയുടെയും വിയോഗങ്ങൾ. കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ കവിത്രയങ്ങളുടെ ശ്രേണിയിൽ ആധുനിക കവികളെ കള്ളിയിൽ ഒതുക്കിയാൽ എന്തുകൊണ്ടും കവിത്രയമെന്ന ഫ്രെയിമിൽ ഈ മൂന്ന് പേർ ഉണ്ടായിരിക്കും, തീർച്ച. ഭാരതീയ കാവ്യ പാരമ്പര്യമാണ് ഈ മൂന്നു കവികളുടെയും കാവ്യ സപര്യയുടെ ഊർജ സ്രോതസ്സ്.
ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച കാവ്യ ലോകമായിരുന്നു അത്. മാനവികതയും പ്രകൃതിയും ആധുനിക സമൂഹങ്ങളുമെല്ലാം അവിടെ വിളങ്ങിനിന്നു. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങൾ, ഭൂമി ഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകൾ, ചാരുലത തുടങ്ങിയ കവിതകൾ ഈ വക വിഷയങ്ങളാൽ സമ്പന്നം.
ഭാഷാ പണ്ഡിതൻ, വാഗ്മി, കോളേജ് അധ്യാപകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ പ്രവർത്തിച്ച മണ്ഡലങ്ങളിലല്ലാം പ്രശോഭിച്ച വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കാവ്യങ്ങളിൽ എല്ലാം പാണ്ഡിത്യത്തിന്റെ ഗരിമ കാണാം. കാവ്യ ഗുണങ്ങളോടൊപ്പം വിലയിരുത്തപ്പെടേണ്ട ഒന്നാണിത്. പാരമ്പര്യത്തെ നിഷേധിക്കാതെ തന്നെ അദ്ദേഹം ആധുനിക മൂല്യങ്ങൾ തന്റെ കാവ്യങ്ങളിൽ ആവാഹിച്ചു. പത്മശ്രീ, എഴുത്തച്ഛൻ, കേന്ദ്ര, കേരള സാഹിത്യ അക്കാദമി, വയലാർ, വള്ളത്തോൾ, ഓടക്കുഴൽ, മാതൃഭൂമി, പി പുരസ്‌കാരങ്ങൾ എല്ലാം അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.
മുത്തച്ഛൻ പകർന്നു തന്ന കാവ്യ പരിചയവും പ്രഫ. ഷെപ്പേർഡിൽ നിന്ന് സ്വായത്തമാക്കിയ കാവ്യ വഴികളുമാണ് അദ്ദേഹത്തിലെ കവിയെ ഉണർവേകിയത്. സംസ്കൃതം, മലയാളം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കവിതയുടെ പ്രമേയ സ്വീകാര്യതയെ വലിയ അളവിൽ സ്വാധീനിച്ചു. സ്വാതന്ത്ര്യത്തിന്റെ ഭൗതികവും ആത്മീയവുമായ വശങ്ങളെ കുറിച്ച് കൃത്യമായ ധാരണയുള്ള കവിയായിരുന്നു അദ്ദേഹം.
ആദ്യ പ്രകാശിത കവിതാ സമാഹാരത്തിന്റെ പേര് സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം എന്നാണ്. ആഗസ്ത് 15, ക്വിറ്റിന്ത്യ സ്മരണ തുടങ്ങിയ കവിതകൾ രാഷ്ട്രീയമായ അസ്വാതന്ത്ര്യം എങ്ങനെ വ്യക്തിയെ ഞെരുക്കുന്നുവെന്ന് കാണിച്ചു തരുന്നു. അതേസമയം രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചതുകൊണ്ട് മാത്രം മനസ്സ് സ്വസ്ഥമായിരിക്കുമോ എന്ന ചോദ്യവും കവി ഉയർത്തുന്നു. കാളിദാസനുമായി ആത്മ ഐക്യമുള്ള കവി കൂടിയായിരുന്നു അദ്ദേഹം. പല കാവ്യങ്ങളിലും കാളിദാസ സ്വാധീനം കാണാം. ഭൂമി ഗീതങ്ങൾ എന്ന തന്റെ സമാഹാരത്തിന് മുന്നുരയായി ചേർത്തിരിക്കുന്നത് "അഹോ ഉദഗ്ര രമണീയാ പൃഥി!" എന്ന കാളിദാസ വാക്യമാണ്. എം ലീലാവതി, കെപി ശങ്കരൻ, എൻവി കൃഷ്ണ വാര്യർ തുടങ്ങിയ നിരൂപക ശ്രേഷ്ഠരുടെ സവിശേഷ പഠനങ്ങൾക്ക് വിധേയമായ കാവ്യങ്ങളാണ് വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സമാഹാരങ്ങൾ. കവിത്വമുള്ള ആ കവിതകൾ കാലത്തെ അതിജീവിക്കും, തീർച്ച...