സംഘ്പരിവാറിന്റെ ധ്രുവീകരണ അജണ്ടയെ ഒറ്റക്കെട്ടായി ചെറുക്കണം: മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡ്
ഏക സിവില്‍ കോഡ് വിഷയത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളേയും ചേര്‍ത്തു നിര്‍ത്തുന്ന സമീപനമാണ് ബോര്‍ഡ് സ്വീകരിച്ചത്.
കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പക്കാനുള്ള സംഘ് പരിവാര്‍ ഭരണകൂടത്തിന്റെ നീക്കം ധ്രുവീകരണ അജണ്ടയുടെ ഭാഗമാണെന്നും ഇതിനെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡ് വക്താവ് ഡോ. സയ്യിദ് ഖാസിം റസൂല്‍ ഇല്ല്യാസ്. വിവിധ സംസ്ഥാനങ്ങളില്‍ പേഴ്‌സണല്‍ ബോര്‍ഡ് വിളിച്ചുചേര്‍ക്കുന്ന മുസ്ലിം സംഘടനാ നേതാക്കളുടെ സംഗമത്തിന്റെ ഭാഗമായി കേരളത്തില്‍ സംഘടിപ്പിച്ച സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവില്‍ കോഡ് വിഷയത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളേയും ചേര്‍ത്തു നിര്‍ത്തുന്ന സമീപനമാണ് ബോര്‍ഡ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി വിവിധ മതനേതാക്കളുടെ മീറ്റിംഗ് ബോര്‍ഡ് സംഘടിപ്പിച്ചു. ഏക സിവില്‍കോഡ് എല്ലാവരേയും ബാധിക്കുന്ന പ്രശ്‌നമാണെന്നും ഒരുമിച്ച് ഇതിനെ ചെറുക്കണമെന്നും പ്രസ്തുത മീറ്റിംഗില്‍ മതനേതാക്കള്‍ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
വ്യക്തിനിയമങ്ങളെ സംരക്ഷിക്കുക, ശരീഅത്തിന്റെ ആവശ്യകത വിശ്വാസികളെ ബോധ്യപ്പെടുത്തല്‍ , വിവിധ സമുദായങ്ങളുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവയാണ് പേഴ്‌സണല്‍ ബോര്‍ഡിന്റെ പ്രധാന ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ മറച്ച് വെക്കാന്‍ കൂടിയാണ് ധ്രുവീകരണ സ്വഭാവമുള്ള അജണ്ടകള്‍ ഭരണകൂടം പുറത്തെടുക്കുന്നത്. ഏകസിവില്‍ കോഡ് വിഷയം വേണ്ട രീതിയില്‍ ഫലിക്കാത്തതിനാലാണ് ഗ്യാന്‍ വ്യാപിയിലേക്ക് നീങ്ങിയിരിക്കുന്നത്. സംഘ്പരിവാറിന്റെ വംശീയഅജണ്ടകള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള എല്ലാ നീക്കവും രാജ്യത്തെ മാരകമായി പരിക്കേല്‍പ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഹരിയാനയിലും മണിപ്പൂരിലും നീതി നടപ്പിലാക്കാന്‍ ഭരണകൂടം തയ്യാറാവണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പേഴ്‌സണല്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹാഫിള് അബ്ദുശ്ശുക്കൂര്‍ ഖാസിമി, ബോര്‍ഡ് ക്ഷണിതാവ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി തുടങ്ങിയവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.
വിവിധ സംഘടനയെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍ :
പി.എം.എ സലാം( ജനറല്‍ സെക്രട്ടറി മുസ്ലിം ലീഗ്)
എം.സി മായിന്‍ ഹാജി (വൈസ് പ്രസിഡണ്ട് മുസ്ലിം ലീഗ്)
ഉമ്മര്‍ പാണ്ടികശാല (വൈസ് പ്രസിഡണ്ട് മുസ്ലിം ലീഗ് )
ഉമ്മര്‍ ഫൈസി മുക്കം (സെക്രട്ടറി സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ)
നാസര്‍ ഫൈസി കൂടത്തായി (SYS)
അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി (സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ )
പ്രാഫ.എ.കെ അബ്ദുല്‍ ഹമീദ് (കേരള മുസ്ലിം ജമാഅത്ത് )
എം.ഐ അബ്ദുല്‍ അസീസ് (കേന്ദ്ര സമിതിയംഗം ജമാഅത്തെ ഇസ്ലാമി ഹിന്ദ്)
ശിഹാബ് പൂക്കോട്ടൂര്‍ (സെക്രട്ടറി ജമാഅത്തെ ഇസ്ലാമി കേരള)
അബ്ദുല്‍ ഹകീം നദ്വി (സെക്രട്ടറി ജമാഅത്തെ ഇസ്ലാമി കേരള)
എന്‍.വി അബ്ദുറഹ്‌മാന്‍ (വൈസ് പ്രസിഡണ്ട് (KNM)
അനസ് കടലുണ്ടി (KNM) സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍(വൈസ് പ്രസിഡണ്ട് ജംഇയ്യതുല്‍ ഉലമാ ഹിന്ദ്,കേരള )
അഡ്വ. മുഹമ്മദ് ഹനീഫ (മര്‍കസു ദ്ദഅവ)
ഡോ.മുഹമ്മദ് യൂസുഫ് നദ്വി(റാബിത്വതുല്‍ അദബില്‍ ഇസ്ലാമി)
ഖാസിമുല്‍ ഖാസിമി (മജ്‌ലിസുത്തൗഹീദ്)
ഇസ്സുദ്ദീന്‍ നദ്വി(നദ്വതുല്‍ ഉലമാ കേരള ചാപ്റ്റര്‍)
വി. റസൂല്‍ ഗഫൂര്‍(മുഫക്കിറുല്‍ ഇസ്ലാം ഫൗണ്ടേഷന്‍)