'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'; ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രനീക്കം

Update: 2023-08-31 16:10 GMT
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രനീക്കം

ന്യൂഡല്‍ഹി: ബിജെപി ഏറെക്കാലമായി ആവശ്യപ്പെടുന്ന 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംബന്ധിച്ച നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപോര്‍ട്ട്. സപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നിയമനിര്‍മാണം നടന്നേക്കുമെന്ന് സൂചന. പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പൊന്നും നല്‍കിയിട്ടില്ലെങ്കിലും 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംബന്ധിച്ച ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇതിനുപുറമെ, വിവാദമായ ഏക സിവില്‍ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകളും പ്രത്യേക സമ്മേളനത്തില്‍ കൊണ്ടുവന്നേക്കുമെന്നും സൂചനകളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഈവര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യത്തിലോ നടത്തിയേക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതിക്ക് നീക്കം നടക്കുന്നത്.

    ബിജെപിയുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസ്സം ഒഴിവാക്കാനാവുമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ഇതിന്റെ സാധ്യതകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പാര്‍ലമെന്റ് പാനല്‍ നേരത്തേ പരിശോധിക്കുകയും ചെയ്തിരുന്നു.ഒറ്റ തിരഞ്ഞെടുപ്പിനായി ഭരണഘടന ഭേദഗതി ചെയ്യുകയാണെങ്കില്‍ അഞ്ചോളം അനുച്ഛേദങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും. പാര്‍ലമെന്റിന്റെ കാലാവധി, സംസ്ഥാന സഭകളുടെ കാലാവധി, സംസ്ഥാന സഭകള്‍ പിരിച്ചുവിടല്‍, ലോക്‌സഭ പിരിച്ചുവിടല്‍, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തേണ്ടിവരിക. ഒറ്റ തിരഞ്ഞെടുപ്പിനെതിരേ വിവിധ സംസ്ഥാനങ്ങളും രംഗത്തുവരാന്‍ സാധ്യതയുണ്ട്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സപ്തംബര്‍ 18 മുതല്‍ 22 വരെ ചേരുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹഌദ് ജോഷി നേരത്തെ അറിയിച്ചിരുന്നു. ഏതായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രത്യേക സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിയമനിര്‍മാണങ്ങള്‍ ഏറെ നിര്‍ണായകമായിരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags:    

Similar News