ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ വേരുകള്‍ തേടി പോലിസ്; ചേകന്നൂര്‍ കേസും പുനരന്വേഷിക്കുന്നു
തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം വഴിമുട്ടിയ കാല്‍നൂറ്റാണ്ടിലേറെ പഴക്കമുള്ള ചേകന്നൂര്‍ മൗലവി വധക്കേസ് പോലിസ് പുനരന്വേഷിക്കുന്നു. ഇതിനുപുറമെ 1992-97 കാലത്ത് നടന്ന ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ചില കൊലപാതക കേസുകളും അന്വേഷിക്കാന്‍ ്രൈകംബ്രാഞ്ച് തീരുമാനിച്ചു.
കോഴിക്കോട്: തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം വഴിമുട്ടിയ കാല്‍നൂറ്റാണ്ടിലേറെ പഴക്കമുള്ള ചേകന്നൂര്‍ മൗലവി വധക്കേസ് പോലിസ് പുനരന്വേഷിക്കുന്നു. ഇതിനുപുറമെ 1992-97 കാലത്ത് നടന്ന ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ചില കൊലപാതക കേസുകളും അന്വേഷിക്കാന്‍ ്രൈകംബ്രാഞ്ച് തീരുമാനിച്ചു. തൊഴിയൂര്‍ സുനില്‍ വധക്കേസിലെ യഥാര്‍ഥ പ്രതികളിലൊരാളായ മൊയ്‌നൂദ്ദീന്‍ പിടിയലായതോടെയാണ് മുന്‍ കൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ പോലിസ്് ഒരുങ്ങുന്നതെന്ന് തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബു പറഞ്ഞു.
സുനില്‍ വധക്കേസില്‍ മലപ്പുറം കൊളത്തൂര്‍ ചെമ്മലശ്ശേരി പൊതുവകത്ത് ഇബ്രാഹിം മുല്ലയുടെ മകന്‍ ഉസ്മാന്‍ (51), തൃശ്ശൂര്‍ അഞ്ചങ്ങാടി നാലകത്തൊടിയില്‍ അബ്ദുള്ളയുടെ മകന്‍ യൂസഫലി (52) എന്നിവരെയും തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ്രൈകം ബ്രഞ്ച് സംഘം അറസ്റ്റു ചെയ്തിരുന്നു. 1995ല്‍ നടന്ന വാടാനപ്പള്ളി രാജീവ് വധക്കേസിലും പ്രതികളാണിവര്‍.
20 വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പങ്ക് ഈ മരണങ്ങളില്‍ ഉണ്ടെന്ന സംശയത്തിലാണ് ്രൈകബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്. ചേകന്നൂര്‍ മൗലവി കേസിലെ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന സെയ്തലവി അന്‍വരിയാണ് തൊഴിയൂര്‍ സുനില്‍ വധക്കേസിലെയും മുഖ്യ പ്രതിയെന്നാണ് പോലിസിന്റെ നിഗമനം. ഇയാളുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പോലിസ് ആരംഭിച്ചു.
1994ല്‍ നടന്ന തൊഴിയൂര്‍ സുനില്‍ കൊലപാതകത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൊയ്‌നൂദ്ദീന്‍ പിടിയിലായത്. ഇതിലെ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് 24 വര്‍ഷം മുമ്പ് അപകടമരണമായി കണക്കാക്കിയ ബിജെപി പ്രവര്‍ത്തകന്‍ മോഹനചന്ദ്രന്റെ മരണവും കൊലപാതകമാണെന്ന് പുറത്തറിയുന്നത്. ഇതോടെയാണ് 1992 മുതലുള്ള ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ദുരൂഹ മരണങ്ങള്‍ അന്വേഷിക്കാന്‍ ്രൈകംബ്രാഞ്ച് തീരുമാനിച്ചത്. ജംഇയ്യത്തുല്‍ ഇഹ്‌സാനിയ തലവനായിരുന്ന സെയ്തലവി അന്‍വരി വര്‍ഷങ്ങള്‍ക്ക് മുന്നെ വിദേശത്തേക്ക് കടന്നതായാണ് പോലിസ് കണക്കാക്കുന്നത്. പോലിസ് സംശയിക്കുന്ന എല്ലാവര്‍ക്കുമായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതെന്ന് തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബു പറഞ്ഞു. ഈയാഴ്ച തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
സെയ്‌ലതവി പിടിയിലായാല്‍ ചേകന്നൂര്‍ കേസിനും തുമ്പുണ്ടാവുമെന്ന് അന്വേഷണ സംഘം കരുതുന്നു. ചേകന്നൂര്‍ കേസിലെ മുഖ്യപ്രതി വി വി ഹംസയെ തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞവര്‍ഷം ഹൈക്കോടതി വെറുതെവിട്ടിരുന്നു. മതപ്രഭാഷണം നടത്താന്‍ പോയ ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടെന്നതു വെറും അനുമാനമാണെന്നാണു കോടതി നിരീക്ഷിച്ചത്. ഇതേതുടര്‍ന്ന് മൗലവിയുടെ കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ടു.
26 വര്‍ഷം മുമ്പാണ് മതപ്രഭാഷണത്തിനെന്ന പേരില്‍ രാത്രി ചേകന്നൂര്‍ മൗലിവിയെ കൂട്ടിക്കൊണ്ടുപോയത്. പിന്നീടദ്ദേഹം തിരിച്ചുവന്നില്ല. മൗലവിയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിലെത്താന്‍ തന്നെ വര്‍ഷങ്ങളുടെ അന്വേഷണം വേണ്ടി വന്നു. കൊലപാതകമാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ച് പറഞ്ഞിട്ടും മൗലവിയുടെ മൃതദേഹം എവിടെയെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സംഘം ചേകന്നൂര്‍ മൗലവിയെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്‌തെന്നും മറ്റൊരു സംഘം ആ മൃതദേഹം മറ്റൊരിടത്തേക്ക് കൊണ്ടുപോയെന്നും മൂന്നാമതൊരു സംഘം എത്തി മൃതദേഹം വേറൊരിടത്തേക്ക് എത്തിച്ച് കുഴിച്ചിട്ടു എന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സംഘങ്ങള്‍ തമ്മില്‍ നേരില്‍ ബന്ധമുണ്ടായിരുന്നില്ലെന്നും കണ്ടെത്തലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥാപിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനായില്ല.
1995 ആഗസ് 19നാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ആര്‍എസ്എസ് നേതാവ് പാലൂര്‍ മോഹനചന്ദ്രന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. പെരിന്തല്‍മണ്ണ പുലാമന്തോളിലെ പച്ചക്കറികട അടച്ച ശേഷം വീട്ടിലേക്ക് വരുന്ന വഴിയില്‍ മരണപ്പെടുകയായിരുന്നു. വീടിന് സമീപത്തായി റോഡരുകില്‍ മോഹനചന്ദ്രന്‍ വീണ് കിടക്കുന്നത് നാട്ടുകാര്‍ കാണുന്നത് പിറ്റേന്ന് രാവിലെയാണ്. ആശുപത്രിയിലെത്തിച്ച മോഹനചന്ദ്രന്‍ പകല്‍ പത്തരയോടെ മരിച്ചു. കൊലപാതകമെന്ന് സംശയമുയര്‍ന്നിരുന്നെങ്കിലും പിന്നീട് അപകട മരണമെന്ന് പോലിസ് തീര്‍പ്പിലെത്തുകയായിരുന്നു. ഇപ്പോള്‍ പിടിയിലായ മൊയ്‌നൂദ്ദീനില്‍ നിന്ന ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഈ കേസും പുനരന്വേഷിക്കുമെന്നാണ് അറിയുന്നത്.
1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിന് ശേഷം തൃശൂരില്‍ രൂപം കൊണ്ട സംഘടനയാണ് ജംഇയ്യത്തുല്‍ ഇഹ്‌സാനിയ. കേരളത്തിലെ സുന്നി വിഭാഗങ്ങള്‍ രണ്ടായ പിളര്‍ന്ന വേളയില്‍ ഇതില്‍ ഒരുവിഭാഗം മറുവിഭാഗത്തെ പ്രതിരോധിക്കാനായി സുന്നി ടൈഗര്‍ ഫോഴ്‌സ് എന്ന സംഘടന രൂപീകരിച്ചിരുന്നു. പിന്നീട് ഈ സംഘത്തെ പിരിച്ചുവിട്ടു. സുന്നി ടൈഗര്‍ ഫോഴ്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ ചേര്‍ന്ന് തൃശൂരില്‍ രൂപീകരിച്ച സംഘടനയാണ് ജംഇയ്യത്തുല്‍ ഇഹ്‌സാനിയ എന്നാണ് അന്വേഷണ സംഘം കരുതുന്നത്. സംഘത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് കൊളത്തൂര്‍ മേലേകൊളമ്പ് പിലാക്കാട്ടുപടിയില്‍ സെയ്തലവി അന്‍വരിയെന്നാണ് പോലിസ് പറയുന്നത്.