എലിയായ് അലയുന്ന 'പൂഞ്ഞാറിലെ പുലി'..; അസത്യം, അസഭ്യം, അധിക്ഷേപം, വര്‍ഗീയത= പി സി ജോര്‍ജ്
നിയമസഭാംഗമെന്ന നിലയില്‍ അധാര്‍മിക പ്രയോഗങ്ങള്‍ക്കും അസഭ്യവാക്കുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും എത്തിക്‌സ് കമ്മിറ്റിയുടെയും സ്പീക്കറുടെയും താക്കീതും ശാസനകളുമേറ്റുവാങ്ങിയ സാമാജികന്‍ സംസ്ഥാന ചരിത്രത്തില്‍ വേറെയില്ല. ഗൗരിയമ്മ വിഷയം മുതല്‍ അവസാനം ബിഷപ്പിന്റെ പീഡനത്തിനിരയായതായി കേസ് നടത്തുന്ന കന്യാസ്ത്രീയെ വരെ അപമാനിച്ചതിന് കേരള നിയമസഭയുടെ നിരന്തരതാക്കീതുകളാണ് ജോര്‍ജിനെ തേടിയെത്തിയത്.
പി സി അബ്ദുല്ല
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിരിക്കെ കേരളീയ പൊതുബോധ വിചാരണയില്‍ ഉടുമുണ്ടുരിയപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ. അഞ്ചുവര്‍ഷം മുമ്പ് 'പൂഞ്ഞാറിലെ പുലി' യായി സ്വയം അവരോധിതനായ പല്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജ് ഈ തിരഞ്ഞെടുപ്പോടെ എലിയാവുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചൊദ്യം. മൂന്ന് മുന്നണികള്‍ക്കുമിടയില്‍ ഗതികിട്ടാതലയുകയാണ് പി സി ജോര്‍ജിന്റെ രാഷ്ട്രീയഭാവി.
സ്വന്തം പാര്‍ട്ടിയുടെ പേരിലെ സെക്യുലര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കടുത്ത വര്‍ഗീയവാദിയായി മാറിയതാണ് ജോര്‍ജിന്റെ ഒടുവിലത്തെ രൂപാന്തരം. ക്രൈസ്തവ വര്‍ഗീയതയുടെ ബ്രാന്റ് അംബാസിഡറെ പോലെ മുസ്‌ലിം വിരുദ്ധതയില്‍ അഭിരമിച്ചുകൊണ്ടാണ് ജോര്‍ജ് മുസ്‌ലിം രാഷ്ട്രീയത്തിന് നിര്‍ണായക ഇടമുള്ള യുഡിഎഫില്‍ ചേക്കേറാന്‍ കാത്തുനില്‍കുന്നത് എന്നതാണ് വൈരുധ്യം. പെരുംനുണകളുടെ വളക്കൂറില്‍ ഇസ്‌ലാമോഫോബിയ തഴച്ചുവളരുന്ന മധ്യതിരുവിതാംകൂറില്‍ യുഡിഎഫിനെ നയിക്കാന്‍ തന്നെ പുതിയ ഇടയനാക്കുമെന്നാണ് ജോര്‍ജിന്റെ കണക്കുകൂട്ടല്‍.
അതേസമയം, നാറിയവനെ പേറിയാല്‍ പേറിയവനും നാറുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്. ജോസ് കെ മാണി പോയ വിടവില്‍ ജോര്‍ജ് ഒരു കച്ചിത്തുരുമ്പാണെങ്കിലും ഒടുവില്‍ ബൂമറാങ്ങായി തിരിച്ചടിക്കുമോ എന്ന ഭയം യുഡിഎഫിനെ അലട്ടുന്നു. ജോര്‍ജിന്റെ കൈയിലിരുപ്പുകളാവട്ടെ അദ്ദേഹത്തിന്റെ കാര്യത്തിലുള്ള യുഡിഎഫിന്റെ ആശങ്കളെല്ലാം സാധൂകരിക്കുന്നതുമാണ്. പൊതുപ്രവര്‍ത്തകന് പാടില്ലാത്തതെന്ന് പൊതുജനം കരുതുന്നതെന്തൊക്കെയുണ്ടോ അതിന്റെയെല്ലാം ആള്‍രൂപമായി മാറിയതാണ് പി സി ജോര്‍ജിന്റെ ചരിത്രവും വര്‍ത്തമാനവും.
നിയമസഭാംഗമെന്ന നിലയില്‍ അധാര്‍മിക പ്രയോഗങ്ങള്‍ക്കും അസഭ്യവാക്കുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും എത്തിക്‌സ് കമ്മിറ്റിയുടെയും സ്പീക്കറുടെയും താക്കീതും ശാസനകളുമേറ്റുവാങ്ങിയ സാമാജികന്‍ സംസ്ഥാന ചരിത്രത്തില്‍ വേറെയില്ല. ഗൗരിയമ്മ വിഷയം മുതല്‍ അവസാനം ബിഷപ്പിന്റെ പീഡനത്തിനിരയായതായി കേസ് നടത്തുന്ന കന്യാസ്ത്രീയെ വരെ അപമാനിച്ചതിന് കേരള നിയമസഭയുടെ നിരന്തരതാക്കീതുകളാണ് ജോര്‍ജിനെ തേടിയെത്തിയത്.
നിയമസഭയ്ക്ക് പുറത്ത് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സഭയില്‍ ശാസിയ്ക്കപ്പെട്ട ആദ്യ എംഎല്‍എ ആണ് ജോര്‍ജ്. ഗൗരിയമ്മയ്‌ക്കെതിരേ ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനാണ് നിയമസഭ അദ്ദേഹത്തെ ആദ്യം താക്കീത് ചെയ്തത്. കഴിഞ്ഞ നിയമസഭയില്‍ കെ മുരളീധരന്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയാണ് ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നത്. പി സി ജോര്‍ജിനെ താക്കീത് ചെയ്യുന്നതായുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചു.
2013 മാര്‍ച്ച് 14നാണ് ജോര്‍ജ് വിവാദപരാമര്‍ശം നടത്തിത്. കെ ബി ഗണേഷ് കുമാറിനെതിരായി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഗൗരിയമ്മ മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ച പി സി ജോര്‍ജ് ഒളികാമറയുണ്ടെന്നറിയാതെ ഗൗരിയമ്മയ്‌ക്കെതിരേ അസഭ്യം പറയുകയായിരുന്നു
അവര്‍ക്ക് 90 വയസായി. കൈയിലിരിപ്പ് മോശമാണ്. വീട്ടിലിരിയ്‌ക്കേണ്ട സമയത്ത് ആംബുലന്‍സുമായി വോട്ടുപിടിയ്ക്കാന്‍ ഇറങ്ങുകയാണ് എന്നയിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. നിയമസഭാ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിന് ഈ സഭയുടെ തുടക്കത്തില്‍ ജോര്‍ജ് സ്പീക്കറുടെ ശാസനയ്ക്ക് വിധേയനായി.
കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരേ തുടര്‍ച്ചയായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ പി സി ജോര്‍ജ് എംഎല്‍എയെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ശാസിച്ചു. പി സി ജോര്‍ജിന്റെ പരിഹാസപ്രയോഗങ്ങള്‍ മനുഷ്യത്വവിരുദ്ധമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കുകയുണ്ടായി. നിരുത്തരവാദപരമായ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ സ്പീക്കര്‍ എന്ന നിലയില്‍ തനിക്ക് സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്പീക്കര്‍ അന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. ജോര്‍ജ് അധിക്ഷേപങ്ങള്‍ തുടര്‍ന്നു.
ബിഷപ്പ് പ്രതിയായ പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പി സി ജോര്‍ജ് എംഎല്‍എയെ ശാസിക്കാന്‍ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തതാണ് ഒടുവിലത്തെ സംഭവം. വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനും ഫെമിനിസ്റ്റ് ലോയേഴ്‌സ് നെറ്റ്‌വര്‍ക്ക് ഓഫ് കേരള എന്നിവരാണ് ജോര്‍ജിനെതിരേ പരാതി നല്‍കിയത്.
ബിഷപ്പിനെ ന്യായീകരിക്കാനും പീഡനത്തിനിരയായ സ്ത്രീയുടെ ഭാഗത്താണ് തെറ്റെന്നു സ്ഥാപിക്കാനുമാണ് പി സി ജോര്‍ജ് ശ്രമിച്ചതെന്നും നിയമസഭാ എത്തിക്‌സ് കമ്മിറ്റി റിപോര്‍ട്ടില്‍ പറയുന്നു. പരാതിക്കാര്‍ നല്‍കിയ തെളിവുകള്‍ പി സി ജോര്‍ജിനെതിരെയുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്.
മുന്‍പ്രസ്താവനകളില്‍ പി സി ജോര്‍ജ് ഉറച്ചുനില്‍ക്കുന്നതായി തെളിവെടുപ്പ് വേളയില്‍ കമ്മിറ്റിക്കു ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തുന്നത് നിയമസഭാ സാമാജികന് ചേര്‍ന്നതല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെ ഒരു ചാനലില്‍ വനിതാ പാനലിസ്റ്റിനെ ജോര്‍ജ് അസഭ്യം പറഞ്ഞു. എന്നാല്‍, അതേ ഭാഷയില്‍ ജോര്‍ജിനും കിട്ടിയതോടെ ചാനല്‍ അവതാരകന്‍ പോലും തരിച്ചുപോയി.
(നാളെ: മുസ്‌ലിം വിരുദ്ധതയുടെ ബ്രാന്റ് അംബാസിഡര്‍)