പോപ്പി കുട കമ്പനി ഉടമ ടി വി സ്‌കറിയ അന്തരിച്ചു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതസംസ്‌കാരം നാളെ 11നു പഴവങ്ങാടി മാര്‍ സ്ലീവാ പള്ളി സെമിത്തേരിയില്‍ നടക്കും
ആലപ്പുഴ: പോപ്പി കുട കമ്പനി ഉടമ ടി വി സ്‌കറിയ (സെന്റ് ജോര്‍ജ് ബേബി-81) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതസംസ്‌കാരം നാളെ രാവിലെ 11ന് ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ലീവാ പള്ളി സെമിത്തേരിയില്‍ നടക്കും.14ാം വയസില്‍ പിതാവിനൊടൊപ്പം സെന്റ് ജോര്‍ജ് കുട കമ്പനിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ബേബി സെന്റ് ജോര്‍ജ് ബേബി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.കഠിനാദ്ധ്വാനത്തിലൂടെ സെന്റ് ജോര്‍ജ് അംബ്രല്ലാ മാര്‍ട്ട് എന്ന പേരില്‍ തുടങ്ങിയ കുടവ്യാപാരം ഏറെ ശ്രദ്ധിക്കപ്പെട്ടു.1995 ല്‍ പോപി അംബ്രല്ലാ മാര്‍ട്ട് സ്ഥാപിച്ചു കുട വിപണയില്‍ മറ്റൊരു മാറ്റത്തിന് തുടക്കമിട്ടു.
ബേബിയാണ് കുടവിപണയില്‍ ഇന്ന് കാണുന്ന എല്ലാ വിധ ആധുനിക വല്‍ക്കരണങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.1979 ല്‍ കുട ഗുണനിലവാര നിയന്ത്രണ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബേബി അതേ വര്‍ഷം തന്നെ കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിക്കപ്പെട്ടു.2005 ല്‍ ഓള്‍ ഇന്ത്യ അംബ്രല്ല ഫെഡറേഷന്‍ പ്രസിന്റായും സേവനം അനുഷ്ടിച്ചു.
കുട നിര്‍മാണ മേഖലയിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ദീപിക ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍,രാജീവ് ഗാന്ധി ക്വാളിറ്റി അവാര്‍ഡ്,അക്ഷയ അവാര്‍ഡ്,എകെസിസി ശതാബ്ദി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ബേബിയെ തേടിയെത്തി.പാലാ പടിഞ്ഞാറേക്കര കുടുംബാഗമായ തങ്കമ്മ ബേബിയാണ് ഭാര്യ. മക്കള്‍: ഡെയ്‌സി,ലാലി,ഡേവിസ്,ജോസഫ്(പോപ്പി) എന്നിവരാണ് മക്കള്‍: മരുമക്കള്‍: മുന്‍ ഡിജിപി ജേക്കബ് തോമസ്,ഡോ.ആന്റോ കള്ളിയത്ത്,സിസി എന്നിവരാണ് മരുമക്കള്‍