മതേതര ശക്തികള്‍ രാജ്യത്തെ രക്ഷിക്കാന്‍ മത ന്യൂനപക്ഷ മുന്നേറ്റങ്ങളുമായി ഐക്യപ്പെടണം:ഇ എം അബ്ദുല്‍ റഹ് മാന്‍
ശാക്തീകരണവും സുരക്ഷയും തേടുന്ന അധസ്ഥിത ന്യൂനപക്ഷങ്ങള്‍ പോപുലര്‍ ഫ്രണ്ടിനെ അത്താണിയായി കാണുന്നതാണ് സംഘടനയുടെ വളര്‍ച്ചയുടെ കാരണം. ഈ വളര്‍ച്ച തങ്ങള്‍ക്ക് ഭീഷണിയാണെന്ന തിരിച്ചറിവ് കൊണ്ടാണ് ഫാഷിസ്റ്റ് ഭരണകൂടം അടിച്ചമര്‍ത്തലിനു മുതിരുന്നത്.
പറവൂര്‍(കൊച്ചി):അധികാര ദുര്‍വിനിയോഗത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും പൗരാവകാശങ്ങള്‍ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മതേതര ശക്തികള്‍ മതന്യൂനപക്ഷങ്ങളുടെ മുന്നേറ്റങ്ങളുമായി ഐക്യപ്പെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍.പോപുലര്‍ ഫ്രണ്ട് ജന്മദിനാചരണത്തിന്റെ ഭാഗമായി നോര്‍ത്ത് പറവൂരില്‍ സംഘടിപ്പിച്ച യൂണിറ്റി മാര്‍ച്ചിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാക്തീകരണവും സുരക്ഷയും തേടുന്ന അധസ്ഥിത ന്യൂനപക്ഷങ്ങള്‍ പോപുലര്‍ ഫ്രണ്ടിനെ അത്താണിയായി കാണുന്നതാണ് സംഘടനയുടെ വളര്‍ച്ചയുടെ കാരണം. ഈ വളര്‍ച്ച തങ്ങള്‍ക്ക് ഭീഷണിയാണെന്ന തിരിച്ചറിവ് കൊണ്ടാണ് ഫാഷിസ്റ്റ് ഭരണകൂടം അടിച്ചമര്‍ത്തലിനു മുതിരുന്നത്.കേരളത്തിലെ മതേതരകക്ഷികളും മുന്നണികളും അധികാര ലബ്ധി മാത്രം ലക്ഷ്യമിട്ടുകൊണ്ട് ആര്‍എസ്എസ് അജണ്ടയുടെ വാഹകരാകുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പു വേളയില്‍ നമ്മള്‍ കാണുന്നത്. ഇപ്പോള്‍ ശബരിമല വിഷയം ആകുന്നതും സംവരണം വിഷയമാകാത്തതും ഇടതു വലതു മുന്നണികളുടെ കാപട്യമാണ് തുറന്നു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടങ്ങളും പോലീസും നടത്തുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന നിയമ പോരാട്ടങ്ങള്‍കാരണമാണ് ഡല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ കള്ളക്കേസുകളില്‍ കുടുക്കി പ്രവര്‍ത്തകരെ ജയിലില്‍ അടക്കുന്നതെന്നും ഇ എം അബ്ദുറഹ്മാന്‍ പറഞ്ഞു. ആര്‍എസ്എസ് ലക്ഷ്യമിടുന്നത് പോപുലര്‍ ഫ്രണ്ടിനെയും മത ന്യൂനപക്ഷങ്ങളെയും മാത്രമല്ല, എല്ലാ എതിര്‍ ശബ്ദങ്ങളെയുമാണെന്ന തിരിച്ചറിവ് മതേതര കക്ഷികള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. അതു കൊണ്ട് ഫാഷിസത്തിന്റെ കരാളഹസ്തങ്ങള്‍ സ്വന്തത്തിന് നേരെ വരുന്നതുവരെ കാത്തിരിക്കാതെ ഇരകള്‍ക്കൊപ്പം അണിചേരണമെന്നും ഇ എം അബ്ദുല്‍റഹ്മാന്‍ പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ.സലിം അധ്യക്ഷത വഹിച്ചു.കേരള ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി രണ്ടാര്‍ക്കര മീരാന്‍ മൗലവി, ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സലിം മൗലവി അല്‍ ഖാസിമി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, നാഷണല്‍ വിമണ്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സക്കീന ടീച്ചര്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സദ്ദാം വാലത്ത്, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുനിത നിസാര്‍ സംസാരിച്ചു.രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം എന്ന യൂനിറ്റി മാര്‍ച്ച് സന്ദേശം കെ ടി അലവി മാസ്റ്റര്‍ നല്‍കി. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അറഫ മുത്തലിബ് സ്വാഗതവും സി എ ഷിജാര്‍ നന്ദിയും പറഞ്ഞു.