പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; സയ്യിദ് സ്വലാഹുദ്ദീന്റെ മൃതദേഹം സ്വദേശമായ കണ്ണവത്തേക്ക് കൊണ്ടുപോവുന്നു

എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി മൃതദേഹം ഏറ്റുവാങ്ങി.

Update: 2020-09-09 09:40 GMT

കണ്ണൂര്‍: ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്ന എസ് ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് സ്വലാഹുദ്ദീന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശമായ കണ്ണവത്തേയ്ക്ക് കൊണ്ടുപോവുന്നു. തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ രാവിലെ തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉച്ചയോടെയാണ് പൂര്‍ത്തിയായത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ആശുപത്രി പരിസരത്തും മറ്റുമായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊവിഡ് മാനദണ്ഡം പാലിച്ചെത്തിയത്. എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി മൃതദേഹം ഏറ്റുവാങ്ങി.


 പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന വന്‍ ജനാവലി മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. പോലിസിന്റെയും പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ നിരവധി വാഹനങ്ങളും മൃതദേഹത്തിന് അകമ്പടിയായുണ്ട്. തലശ്ശേരി ഫയര്‍ഫോഴ്സ് ഓഫിസ്- സ്റ്റേഡിയം സര്‍ക്കിളില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് പഴയ ബസ് സ്റ്റാന്റില്‍നിന്നും ഒവി റോഡ് (വണ്‍വേ റോഡ് താല്‍ക്കാലികമായി അനുവദിച്ചത്) വഴി സംഗമം മേല്‍പാലം കയറി കൂത്തുപറമ്പ് വഴിയാണ് കണ്ണവത്തേക്ക് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന് പോവാനുള്ള റൂട്ട് അനുവദിച്ചിരിക്കുന്നത്.

 വഴിയില്‍ എവിടെയും പൊതുദര്‍ശനമോ നമസ്‌കാരനോ ഉണ്ടാവില്ലെന്ന് എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അറിയിച്ചു. ഇന്നലെ കണ്ണവത്തിനു സമീപം ചിറ്റാരിപ്പറമ്പിനടുത്ത് ചൂണ്ടയില്‍വച്ചാണ് കുടുംബത്തിന്റെ കണ്‍മുന്നിലിട്ട് എസ് ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടുസഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കാറില്‍ വരുന്നതിനിടെയാണ് ആസൂത്രിത കൊലപാതകം അരങ്ങേറിയത്.

സ്വലാഹുദ്ദീനും കുടുംബവും സഞ്ചരിച്ച കാറിനു പിന്നില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇടിക്കുകയായിരുന്നു. അപകടം പറ്റിയതറിഞ്ഞ് വാഹനം സൈഡില്‍ നിര്‍ത്തി പോലിസിനെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തൊട്ടുപിന്നാലെ ബൈക്കിലെത്തിയ അക്രമിസംഘം തലയ്ക്കും മറ്റും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരിമാരെ ബോംബും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയ സംഘം സഹോദരി റാഹിദയെ വടിവാള്‍കൊണ്ട് വയറ്റിലും നെഞ്ചത്തും കൈക്കും മറ്റും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. 

Tags:    

Similar News