തടവുകാരുടെ ഫോണ്‍ വിളി: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡിജിപിയുടെ കത്ത്
പോലിസ് തുടരന്വേഷണത്തില്‍ വീഴ്ച വരുത്തുന്നുവെന്ന് മനസ്സിലായതിന്റെ പേരിലാണ് കത്തയച്ചതെന്നാണു സൂചന
കണ്ണൂര്‍: കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലിസ് മേധാവിക്ക് ജയില്‍ മേധാവി ഋഷിരാജ് സിങിന്റെ കത്ത്. വിവാദമായതും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ കേസുകളിലെ പ്രതികള്‍ ജയിലിലില്‍ നിന്നു ഫോണ്‍ വിളിക്കുകയോ ക്വട്ടേഷന്‍ നല്‍കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി ഇക്കാര്യത്തെ കുറിച്ച് അന്വേഷണം വേണമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ കത്തിലെ ആവശ്യം. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികളായ കൊടി സുനി, ഷാഫി ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ കഴിയവേ ഫോണ്‍ വിളിക്കുകയും കൊടി സുനി ക്വേട്ടേഷന്‍ നിയന്ത്രിക്കുകയും ചെയ്‌തെന്ന് പരാതികള്‍ ഉയര്‍ന്നതോടെയാണ് ഋഷിരാജ് സിങ് വിശദാംശങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യവുമായെത്തിയത്. മുന്‍ അനുഭവങ്ങള്‍ വച്ച്, ജയിലുകളില്‍ നിന്ന് ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്താലും പോലിസ് തുടരന്വേഷണത്തില്‍ വീഴ്ച വരുത്തുന്നുവെന്ന് മനസ്സിലായതിന്റെ പേരിലാണ് കത്തയച്ചതെന്നാണു സൂചന. റെയ്ഡില്‍ പിടിച്ചെടുത്ത സിം കാര്‍ഡുകള്‍ ആരുടെ ഉടമസ്ഥതയിലുള്ളതാണ്, സിം ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചു, പ്രമാദമായ കേസുകളിലുള്ള ആരെങ്കിലും ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടുണ്ടോ, ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തകയും ക്വട്ടേഷന്‍ എടുക്കുകയു ചെയ്‌തെന്ന പരാതികള്‍ വാസ്തവമാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
സംസ്ഥാന സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കാന്‍ വേണ്ടി ഇക്കാര്യങ്ങള്‍ അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് കൈമാറണമെന്നാണ് ഋഷിരാജ് സിങിന്റെ ആവശ്യം. ജയില്‍ ഡിജിപിയായി സ്ഥാനമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ഋഷിരാജ് സിങ് നേരിട്ടും അല്ലാതെയും കണ്ണൂരിലും വിയ്യൂരിലും നിരവധി പരിശോധനകളാണു നടത്തിയത്. റെയ്ഡില്‍ 30ലേറെ ഫോണുകളും സിംകാര്‍ഡുകളും ചാര്‍ജ്ജറുകളും കഞ്ചാവുമെല്ലാം കണ്ടെത്തിയിരുന്നു.