രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ 17ന് പരിഗണിക്കും

Update: 2024-01-11 05:52 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജനുവരി 17ന് പരിഗണിക്കും. ഇന്നലെയാണ് ജാമ്യാപേക്ഷ നല്‍കിയത്. ചൊവ്വാഴ്ച അറസ്റ്റിലായ രാഹുലിന്റെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി (3) തള്ളിയിരുന്നു. രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തതിനു പിന്നാലെ പൂജപ്പുര ജില്ലാ ജയിലിലേക്കു മാറ്റി. തുടര്‍ന്നാണ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.

രാഹുലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിന്റെ അടിസ്ഥാനത്തില്‍ വിശദവൈദ്യപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ നിര്‍ദേശിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍, കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ജാമ്യാപേക്ഷ തള്ളിയ കോടതി 22 വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചിനിടെ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണ് ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 20ന് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമത്തിനു നേതൃത്വം കൊടുത്തു, തടയാന്‍ രാഹുല്‍ ശ്രമിച്ചില്ല, പൊതുമുതല്‍ നശിപ്പിച്ചു എന്നിവയാണ് രാഹുലിനെതിരായ കുറ്റങ്ങള്‍. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഒന്നാം പ്രതിയായ കേസില്‍ നാലാം പ്രതിയാണു രാഹുല്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ന് അടൂര്‍ മുണ്ടപ്പള്ളിയിലെ വീട്ടിലെത്തിയ പോലിസ് ഉറങ്ങുകയായിരുന്ന രാഹുലിനെ വിളിച്ചുണര്‍ത്തി അമ്മയുടെയും ചേച്ചിയുടെയും മുന്നില്‍വച്ചാണു കസ്റ്റഡിയിലെടുത്തത്.






Tags:    

Similar News