പ്രവാസി ക്ഷേമനിധി പ്രായപരിധി ഉയര്‍ത്തല്‍; രണ്ടുമാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 2008 ല്‍ കേരള സര്‍ക്കാര്‍ പ്രവാസിക്ഷേമ നിയമം പാസാക്കിയിരുന്നു.

Update: 2020-08-09 07:59 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്‍ ഉത്തരവ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 2008 ല്‍ കേരള സര്‍ക്കാര്‍ പ്രവാസിക്ഷേമ നിയമം പാസാക്കിയിരുന്നു.

തുടര്‍ന്നു പ്രവാസികള്‍ക്ക് പെന്‍ഷനുള്‍പ്പെടെ നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രവാസിക്ഷേമ ബോര്‍ഡ് സ്ഥാപിക്കുകയും പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റും നല്‍കുന്നതിനായി ഷേമനിധി രൂപീകരിക്കുകയും ചെയ്തു. നിലവില്‍ ഈ ക്ഷേമനിധിയില്‍ അംഗത്വമെടുക്കാനുള്ള പ്രായപരിധി 60 വയസാണ്. എന്നാല്‍, ഈ ക്ഷേമനിധിയെകുറിച്ച് നിരവധി പ്രവാസികള്‍ക്ക് കാര്യമായ അറിവില്ലാത്തതിനെത്തുടര്‍ന്ന് ഇതില്‍ ചേരാന്‍ ഒരുപാട് പ്രവാസികള്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ഇപ്പോള്‍ കൊവിഡിനെയും മറ്റും തുടര്‍ന്ന് നിരവധി പ്രവാസികളാണ് നാട്ടിലേക്കെത്തുന്നത്.

60 വയസിനുശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്നവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നല്‍കാതിരിക്കുന്നത് വിവേചനപരമാണെന്നും പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കെത്തുന്ന എല്ലാവര്‍ക്കും പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം നല്‍കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. പ്രവാസി ലീഗല്‍ സെല്ലിനുവേണ്ടി സംഘടനയുടെ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് ഹൈക്കോടതിയില്‍ ഹാജരായത്.

60 വയസിനുശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്നവര്‍ക്കും ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കുന്നമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സിസും ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും അറിയിച്ചു. 

Tags:    

Similar News