പെട്ടിമുടിയില്‍ തിരച്ചില്‍ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് 12 പേരെ
58 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
ഇടുക്കി: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. ഇനിയും 12 പേര്‍ക്കുവേണ്ടിയുള്ള തിരച്ചിലാണ് നിലവില്‍ നടക്കുന്നത്. ലയങ്ങള്‍ സ്ഥിതിചെയ്തിരുന്ന പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂര്‍ണമായും അവിടെ നിന്ന് മാറ്റിയുള്ള പരിശോധനയും പ്രദേശത്തെ പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഏറ്റവും ഒടുവില്‍ മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് പുഴ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ്.
പ്രദേശവാസികളും രണ്ടുദിവസമായി തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും എല്ലാവരെയും കണ്ടെത്തുംവരെ തിരച്ചില്‍ തുടരുമെന്ന് തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളി പറഞ്ഞു. രണ്ടുപോലിസ് നായയുടെ സഹായവും ഉപയോഗിച്ചാണ് തിരച്ചില്‍. സ്ഥലത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള പ്രദേശവാസികളെയും ഉള്‍പ്പെടുത്തി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. പ്രദേശവാസികളുടെ വാളര്‍ത്തുനായ്ക്കളെയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ഇന്നലെ മഞ്ഞും മഴയും മൂലം പ്രതികൂല കാലാവസ്ഥയിലായിരുന്നു തിരച്ചില്‍. 58 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.