ചാനല്‍ സര്‍വേകളുടെ റേറ്റിങ് യാഥാര്‍ഥ്യമല്ല; ചെന്നിത്തലയെ വിലകുറച്ച് കാണിക്കാന്‍ ബോധപൂര്‍വം ശ്രമം: ഉമ്മന്‍ചാണ്ടി

Update: 2021-03-22 15:00 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിലകുറച്ചുകാണിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നത്. പ്രീ പോള്‍ സര്‍വേകളില്‍ ചെന്നിത്തലയ്ക്ക് റേറ്റിങ് കുറച്ചുകാണിക്കുന്നത് ബോധപൂര്‍വമാണ്. സംസ്ഥാന സര്‍ക്കാരിനെതിരേ എറ്റവുമധികം ആരോപണങ്ങള്‍ ഉയര്‍ത്തിയത് പ്രതിപക്ഷ നേതാവാണെന്നും ചെന്നിത്തലയുടെ ഈ ആരോപണങ്ങള്‍ വിലപ്പോവില്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് വിലകുറച്ച് കാണിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

എല്‍ഡിഎഫിന് അനുകൂലമായ സര്‍വേ ഫലങ്ങള്‍ കണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ തളരില്ല. സര്‍വേകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിആര്‍ വര്‍ക്കിന്റെ ഭാഗമാണ്. മികച്ച പ്രകടന പത്രിക ഇറക്കിയിട്ടുണ്ട്. യുഡിഎഫിന്റേത് ജനങ്ങളുടെ പ്രകടനപത്രികയാണ്. യുഡിഎഫിന്റെ സൗജന്യ അരി നിര്‍ത്തലാക്കിയിട്ടാണ് കിറ്റ് വിതരണം നടക്കുന്നത്. പാവങ്ങളുടെ അരിക്ക് പണം വാങ്ങിയ സര്‍ക്കാരാണിത്. വയനാട്ടിലെ കെ സി റോസക്കുട്ടിയുടെ രാജി ഒഴിവാക്കാമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News