പുത്തുമല പുനരധിവാസ പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണം വൈകുന്നു
കൊവിഡ് നിയന്ത്രണങ്ങളാണ് നിര്‍മ്മാണ പ്രവര്‍ത്തനം വൈകുന്നതിന് കാരണമായി അധികൃതര്‍ ചൂണ്ടികാട്ടുന്നത്.
വയനാട്: വയനാട്ടിലെ പുത്തുമല ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണം വൈകുന്നു. നാല് മാസത്തിനകം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് തറക്കല്ലിടല്‍ സമയത്ത് പ്രഖ്യപിച്ചിരുന്നെങ്കിലും രണ്ട് മാസം പിന്നിടുമ്പോള്‍ 90 ശതമാനം വീടുകളുടെയും അസ്ഥിവാരം പോലും ആയിട്ടില്ല.
മേപ്പാടി നെടുമ്പാലയിലെ പൂത്തകൊല്ലിയിലാണ് നിര്‍ദ്ദിഷ്ട പുത്തുമല പുനരധിവാസ പദ്ധതി വരുന്നത്. പുത്തുമലയില്‍ വീടും സ്ഥലവും നഷ്ടമായ 52 കുടുംബങ്ങള്‍ക്കായി ഏഴു ഏക്കര്‍ ഭൂമിയാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത്. ഭൂമി പ്‌ളോട്ടുകള്‍ തിരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി തറക്കല്ലിടല്‍ ചടങ്ങും നടന്നു.
നാല് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറാമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും വിരലിലെണ്ണാവുന്ന വീടുകളുടെ അസ്ഥിവാരം മാത്രമേ പൂര്‍ത്തിയായുള്ളു. സര്‍ക്കാര്‍ സഹായമായ നാല് ലക്ഷം രൂപ ഇതിനകം ചില ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ വന്നിട്ടുണ്ട്. ഈ തുക സ്‌പോണ്‍സര്‍മാര്‍ക്ക് കൈമാറി അവരുടെ വിഹിതം കൂടെ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്നാണ് ധാരണ.
കൊവിഡ് നിയന്ത്രണങ്ങളാണ് നിര്‍മ്മാണ പ്രവര്‍ത്തനം വൈകുന്നതിന് കാരണമായി അധികൃതര്‍ ചൂണ്ടികാട്ടുന്നത്. 44 ഗുണഭോക്താക്കള്‍ ആശ്വാസ സഹായമായ 10 ലക്ഷം രൂപ വാങ്ങി സ്വയം സ്ഥലം കണ്ടെത്തിയിരുന്നു.