പുത്തുമല പുനരധിവാസം: 58 വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം -ഹര്‍ഷം പദ്ധതി വീടുകളുടെ തറക്കല്ലിടല്‍ 20ന്

എസ്‌വൈഎസ് 6 എണ്ണം , എച്ച്ആര്‍പിഎം 5, തണല്‍ 5, പീപ്പിള്‍ ഫൗണ്ടേഷന്‍ 10, സിസിഎഫ് 27, ആക്‌ടോണ്‍ 5 എണ്ണം എന്നിങ്ങനെയാണ് വീട് നിര്‍മ്മാണത്തിന് സഹകരണം അറിയിച്ചത്.

Update: 2020-06-18 12:58 GMT

കല്‍പറ്റ: റീ ബില്‍ഡ് പുത്തുമലയുടെ ആദ്യ പ്രോജക്ടായ ഹര്‍ഷം പദ്ധതിയ്ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ജൂണ്‍ 20ന് തറക്കല്ലിടും. പുത്തുമല പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്‌റ്റേറ്റിലാണ് തറക്കല്ലിടല്‍ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 ന് തൊഴില്‍,എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും.

പ്രളയബാധിതര്‍ക്കായി 58 വീടുകളാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക. ഇതില്‍ 52 പ്ലോട്ടുകള്‍ക്ക് നറുക്കെടുപ്പിലൂടെ അവകാശികളെ കണ്ടെത്തിയിട്ടുണ്ട്. എഞ്ചിനിയേര്‍സ് അസോസിയേഷന്‍ കോഴിക്കോട് ചാപ്റ്ററാണ് വീടുകളുടെ രൂപരേഖ തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ വീടുകള്‍ നിര്‍മിക്കാനായി 4 ലക്ഷം രൂപ വീതം നല്‍കും. 58 വീടുകളും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പൂര്‍ത്തീകരിക്കുക. സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന സ്‌പോണ്‍സര്‍മാരുടെ യോഗത്തില്‍ വീടുകള്‍ പൂര്‍ത്തീകരിക്കാനുളള തുക നല്‍കാമെന്ന് സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ഉറപ്പ് നല്‍കി.

എസ്‌വൈഎസ് 6 എണ്ണം , എച്ച്ആര്‍പിഎം 5, തണല്‍ 5, പീപ്പിള്‍ ഫൗണ്ടേഷന്‍ 10, സിസിഎഫ് 27, ആക്‌ടോണ്‍ 5 എണ്ണം എന്നിങ്ങനെയാണ് വീട് നിര്‍മ്മാണത്തിന് സഹകരണം അറിയിച്ചത്. പ്രദേശത്തെ മറ്റ് ദുരന്ത ബാധിതര്‍ക്കായി കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനവും ഇവര്‍ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. നാല് മാസത്തിനകം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. റീ ബില്‍ഡ് പുത്തുമലക്കായി എംഎല്‍എ ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറും മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രഷററായും ഒരു സമിതിയും രൂപീകരിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News