കറന്‍സി ചെസ്റ്റുകള്‍ അടച്ചുപൂട്ടാനൊരുങ്ങി റിസര്‍വ് ബാങ്ക്; അനുവദിക്കില്ലെന്ന ബാങ്ക് ജീവനക്കാര്‍

രാജ്യവ്യാപകമായി ചെസ്റ്റുകള്‍ അടച്ചു പൂട്ടുന്നതിനാണ് റിസര്‍വ്വ് ബാങ്ക് തീരുമാനമെടുത്തിരിക്കുന്നത്.കേരളത്തില്‍ മാത്രം 77 കറന്‍സി ചെസ്റ്റുകള്‍ അടച്ച് പൂട്ടാനുള്ള നീക്കമാണ് ആരംഭിച്ചിച്ചിട്ടുള്ളത്.റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമനുസരിച്ച് ചെസ്റ്റുകള്‍ അടച്ച് പൂട്ടാനുള്ള പ്രാഥമിക നീക്കങ്ങള്‍ വാണിജ്യ ബാങ്കുകള്‍ തുടങ്ങിയെന്നും ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് ഏറ്റവുമധികം ചെസ്റ്റുകള്‍ ഇല്ലാതാകുന്നത്

Update: 2019-06-18 07:03 GMT

കൊച്ചി:കറന്‍സി ചെസ്റ്റുകള്‍ അടച്ച് പൂട്ടാനുള്ള റിസര്‍വ് ബാങ്കിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ബാങ്ക് ജീവനക്കാര്‍ രംഗത്ത്.നീക്കത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് പിന്തിരിയണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.രാജ്യവ്യാപകമായി ചെസ്റ്റുകള്‍ അടച്ചു പൂട്ടുന്നതിനാണ് റിസര്‍വ്വ് ബാങ്ക് തീരുമാനമെടുത്തിരിക്കുന്നത്. പുറത്ത് വന്ന റിപോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ മാത്രം 77 കറന്‍സി ചെസ്റ്റുകള്‍ അടച്ച് പൂട്ടാനുള്ള നീക്കമാണ് ആരംഭിച്ചിച്ചിട്ടുള്ളത്. ഈ റിപോര്‍ട്ട് റിസര്‍വ് ബാങ്ക് ഇതുവരെയായും നിഷേധിച്ചിട്ടില്ല. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമനുസരിച്ച് ചെസ്റ്റുകള്‍ അടച്ച് പൂട്ടാനുള്ള പ്രാഥമിക നീക്കങ്ങള്‍ വാണിജ്യ ബാങ്കുകള്‍ തുടങ്ങിയെന്നും ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.കറന്‍സി നോട്ടുകളുടെയും നാണയങ്ങളുടെയും ശേഖരണവും വിതരണവും ഏകോപിപ്പിക്കുന്ന കറന്‍സി ചെസ്റ്റുകളുടെ എണ്ണം കൃത്രിമമായി കുറയ്ക്കുന്നത് വിതരണത്തിലുള്ള നോട്ടുകളുടെ ഗുണനിലവാരം കുറയ്ക്കും എന്നതും കറന്‍സി ക്ഷാമത്തിന് ഇടയാക്കും എന്നതും വ്യക്തമാണ്. മുഷിഞ്ഞ നോട്ടുകള്‍ വിതരണത്തില്‍ നിന്ന് പിന്‍വലിക്കുന്നതിനെയും ഇത് ദോഷകരമായി ബാധിക്കുമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു.

പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് ഏറ്റവുമധികം ചെസ്റ്റുകള്‍ ഇല്ലാതാകുന്നത്. അവരുടെ പകുതിയോളം ചെസ്റ്റുകള്‍ കേരളത്തില്‍ അടച്ച് പൂട്ടപ്പെടുകയാണ് എന്നത് ഗൗരവകരമാണ്. ബാങ്കിംഗ് നയത്തില്‍ കാതലായ മാറ്റങ്ങള്‍ പുതിയ സര്‍ക്കാരിന്റെ നൂറു ദിവസ കര്‍മ്മ പദ്ധതിയില്‍ നടപ്പാക്കുമെന്ന് നീതി അയോഗ് വൈസ് ചെയര്‍മാന്‍ പ്രസ്താവന ഇറക്കിരുന്നു.ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള കറന്‍സി ചെസ്റ്റ് പൂട്ടല്‍ വലിയൊരു പദ്ധതിയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ പറഞ്ഞു.എ ടി എം മെഷീനുകളില്‍ കറന്‍സി നിക്ഷേപിക്കുന്നത് സ്വകാര്യ ഏജന്‍സികളെ ഏല്‍പിച്ചത് പോലെ കറന്‍സി നോട്ടുകളുടെ വിതരണവും പടിപടിയായി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള ഉന്നതതല ശ്രമമാണോ ഈ നീക്കത്തിനു പിന്നില്‍ എന്നത് റിസര്‍വ് ബാങ്ക് വിശദീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ബാങ്കിന്റെ 2017-18ലെ വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നത് വിതരണത്തിലുള്ള കറന്‍സി നോട്ടുകള്‍ 37.7% വര്‍ധിച്ചിട്ടുണ്ട് എന്നാണ്. ആ നിലയ്ക്ക് നിലവിലുള്ള കറന്‍സി ചെസ്റ്റുകളെ നവീകരിച്ചും ആധുനികവല്‍ക്കരിച്ചും പുതിയതായി കറന്‍സി ചെസ്റ്റുകളും നാണയ ഡിപ്പോകളും തുറന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനം മെച്ചപ്പെടുത്തുന്നതിനു പകരം നിലവിലെ സംവിധാനം തകര്‍ക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്.ഭാവിയില്‍ നോട്ടുകള്‍ക്ക് വേണ്ടി സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷവും സംജാതമാകും.ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള കറന്‍സി ചെസ്റ്റ് അടച്ച് പൂട്ടല്‍ നടപടികളില്‍ നിന്ന് പിന്തിരിയുകയും പുതിയതായി കറന്‍സി ചെസ്റ്റുകളും നാണയ ഡിപ്പോകളും തുറന്നും ഉള്ളവ നവീകരിച്ചും ആധുനികവല്‍ക്കരിച്ചും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനം മെച്ചപ്പെടുത്താന്‍ റിസര്‍വ്വ് ബാകധികാരികള്‍ തയ്യാറാകണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള പ്രസിഡന്റ് ടി നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എന്നിവര്‍ ആവശ്യപ്പെട്ടു

Tags:    

Similar News