പെരിയയില്‍ വീണ്ടും സംഘര്‍ഷത്തിന് സാധ്യത; ജില്ലാ പോലിസ് മേധാവി ഇന്ന് സ്ഥലം സന്ദര്‍ശിക്കും
സോഷ്യല്‍ മീഡിയയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്നുവരുന്ന പോരാട്ടത്തിന്റെ ബാക്കിയാണു വധഭീഷണിയെന്നാണു കണക്കാക്കപ്പെടുന്നത്.
പെരിയ: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും സുഹൃത്ത് ദീപു കൃഷ്ണനു വധഭീഷണി. ഇന്റര്‍നെറ്റ് കോളിലൂടെയാണു വധഭീഷണിയെത്തിയത്. ഇതോടെ കല്യോട്ട് പ്രദേശത്ത് പോലിസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഭീഷണിയുണ്ടായ ദീപുവിന്റെ വീടിനു പോലിസ് കാവല്‍ ഏര്‍പ്പെടുത്തി. ഇതോടെ പെരിയയില്‍ വീണ്ടും സംഘര്‍ഷത്തിനുള്ള സാധ്യത ഉരുത്തിരിഞ്ഞുവന്നിരിക്കുകയാണ്. ജില്ലാ പോലിസ് മേധാവി ഡി ശില്‍പ ഇന്ന് കല്യോട്ട് സന്ദര്‍ശിക്കും.
സോഷ്യല്‍ മീഡിയയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്നുവരുന്ന പോരാട്ടത്തിന്റെ ബാക്കിയാണു വധഭീഷണിയെന്നാണു കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍ മരണപ്പെട്ടത് സംബന്ധിച്ച് ദീപു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതാണു പ്രകോപനത്തിനു കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ദീപുവിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.