വാടകവീട്ടില്‍ കെട്ടിയിട്ട് കത്തികാണിച്ച് പീഡനശ്രമം: പെണ്‍കുട്ടി ജില്ല പോലിസ് മേധാവിക്ക് പരാതി നല്കി
മാതാവിനും സഹോദരനുമൊപ്പം കഴിയുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്കുനേരെയാണ് പീഡന ശ്രമം ഉണ്ടായത്.
കോട്ടക്കല്‍: വാടകവീട്ടിലെ മുറിയില്‍ കെട്ടിയിട്ട് കത്തികാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പതിനഞ്ചുകാരി ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്കി. കോട്ടക്കല്‍ സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ആഗസ്ത് 20നാണ് പരാതിക്ക് ആധാരമായ സംഭവം.
മാതാവിനും സഹോദരനുമൊപ്പം കഴിയുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്കുനേരെയാണ് പീഡന ശ്രമം ഉണ്ടായത്. വീടിന് പിറകില്‍ വസ്ത്രം അലക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടിനകത്തെത്തിയപ്പോള് രണ്ടു പേര് ചേര്‍ന്ന് ഷാളുപയോഗിച്ച് കെട്ടിയിടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് വസ്ത്രം മുറിച്ച് ഉപദ്രവിക്കുകയുമായിരുന്നു. കത്തികൊണ്ട് കൈത്തണ്ട മുറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരന് വരുന്നുവെന്ന് പറഞ്ഞ് ഇവര്‍ പെട്ടെന്ന് ഇറങ്ങിപ്പോയെന്നുമാണ് കുട്ടി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് കോട്ടക്കല്‍ സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍, പ്രതികളെ ചൂണ്ടിക്കാണിച്ച് നല്‍കിയിട്ടും നടപടിയെടുത്തില്ലന്നും അതിനാലാണ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയതെന്നും കുടുംബം ആരോപിച്ചു.
എന്നാല്‍, പെണ്‍കുട്ടിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പോലിസ് പറയുന്നത്. മുഖം മൂടിയിട്ടവര്‍ അക്രമിച്ചെന്നായിരുന്നു ആദ്യം മൊഴി നല്‍കിയത്. ഇതുപ്രകാരം സംശയമുള്ളവരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞതായി പെണ്‍കുട്ടി മൊഴി നല്കി. ഇയാളെ ചോദ്യം ചെയ്തെങ്കിലും സംശയിക്കത്തതായ യാതൊന്നും ലഭിച്ചില്ല. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
ബ്ലെയ്ഡ് പോലുള്ള ഉപകരണം കൊണ്ട് വസ്ത്രം മുറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളെ തുടര്‍ന്ന് സിഡബ്ല്യൂസിയുടെ സഹായത്തോടെ കൗണ്‍സിലിങ് നടത്തിയതായി എസ്എച്ച്ഒ എം കെ ഷാജിയെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.