ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കോടികളുടെ കവര്‍ച്ച; സംഘത്തിലെ പ്രധാനി പിടിയില്‍
കല്‍ക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) നെയാണ് ബാംഗ്ലൂരില്‍ നിന്നും എറണാകുളം റൂറല്‍ പോലിസ് പിടികൂടിയത്. കേരളത്തില്‍ നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയില്‍ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍ നിന്ന് കോടികള്‍ കവര്‍ന്ന സംഘത്തിലെ പ്രധാന പ്രതിയെ ബാംഗ്ലൂരില്‍ നിന്നും എറണാകുളം റൂറല്‍ പോലിസ് പിടികൂടി. കല്‍ക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്. കേരളത്തില്‍ നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയില്‍ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്. ഇതില്‍ മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നു മാത്രം നഷ്ടപ്പെട്ടത് എണ്‍പത്തിയഞ്ച് ലക്ഷം രൂപയാണെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.
തൃശുരില്‍ മൂന്നു പേരുടെ അക്കൗണ്ടുകളില്‍ നിന്നായി 83.75 ലക്ഷം രൂപ തട്ടിയെടുത്തു. ഓണ്‍ ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളില്‍ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്. ഇതില്‍ നിന്നും യൂസര്‍ ഐഡിയും, പാസ് വേഡും സ്വന്തമാക്കും. തുടര്‍ന്ന് ഫോണിലേക്ക് വരുന്ന ഒടിപി നമ്പര്‍ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനു വേണ്ടി സംഘത്തിലെ ഒരാള്‍ കേരളത്തില്‍ വന്ന് വ്യാജ ആധാര്‍ കാര്‍ഡും, വോട്ടേഴ്സ് ഐഡിയും നിര്‍മ്മിച്ച് വിവിധ മൊബൈല്‍ കമ്പനികളില്‍ നിന്നും അക്കൗണ്ട്കാരുടെ ഡ്യൂപ്ലിക്കേറ്റ് സിം കരസ്ഥമാക്കും. അതിനു ശേഷം ഈ സിമ്മിലേക്ക് ഒടിപി വരുത്തി അക്കൗണ്ടിലുള്ള തുക മുഴുവന്‍ കവരുകയാണ് ചെയ്യുന്നത്. യഥാര്‍ഥ സിം ഉള്ളയാള്‍ സിം ബ്ലോക്കായി കിടക്കുന്നതിനാല്‍ ബാങ്കില്‍ നിന്നും വരുന്ന മെസേജ് അറിയുകയുമില്ല.
മൂവാറ്റുപുഴ സ്വദേശിയുടെ ഡ്യൂപ്ലിക്കേറ്റ് സിം തിരുവനന്തപുരത്തെ ബിഎസ്എന്‍എല്ലിന്റെ രണ്ട് ഓഫീസുകള്‍ വഴിയാണ് വാങ്ങിയത്. അഞ്ച്ദിവസങ്ങളിലായാണ് 85 ലക്ഷം രൂപ സംഘം പിന്‍വലിച്ചിരിക്കുന്നത്. പണം പോയിരിക്കുന്നത് കല്‍ക്കത്തയിലെ നാല് ബാങ്ക് അക്കൗണ്ടിലേക്കും. തൃശൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും പണം എടുത്തത് ആലുവയിലെ മൊബൈല്‍ ഓഫീസില്‍ നിന്നും കരസ്ഥമാക്കിയ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വഴിയാണ്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പു നടത്തിയ സംഘം ബാംഗ്ലുരില്‍ വലിയൊരു ഓപ്പറേഷന് തയ്യാറെടുക്കുകയായിരുന്നു. കേരളത്തില്‍ കൂടുതല്‍ പേരുടെ പണം ഇത്തരത്തില്‍ തട്ടിപ്പു സംഘം കവര്‍ന്നതായാണ് സൂചന.സൈബര്‍ സി ഐ കെ ജി ഗോപകുമാറിനാണ് അന്വേഷണ ചുമതല.