ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപ:ലാബുടമകളുടെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

ഉത്തരവ് നടപ്പാക്കുന്നത് ഹരജിയില്‍ അന്തിമ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്ന ലാബുടമകളുടെ ആവശ്യം കോടതി അനുവദിച്ചില്ല. ഐസിഎംആര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മറികടന്നു മുന്‍പുണ്ടായിരുന്ന 1700 രൂപയില്‍ നിന്നു പരിശോധനാ നിരക്ക് 500 രൂപയാക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനു അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്

Update: 2021-05-04 14:07 GMT

കൊച്ചി: കൊവിഡ് കണ്ടെത്തുന്നതിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ ലാബുടമകള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഉത്തരവ് നടപ്പാക്കുന്നത് ഹരജിയില്‍ അന്തിമ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്ന ലാബുടമകളുടെ ആവശ്യം കോടതി അനുവദിച്ചില്ല. ഐസിഎംആര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മറികടന്നു മുന്‍പുണ്ടായിരുന്ന 1700 രൂപയില്‍ നിന്നു പരിശോധനാ നിരക്ക് 500 രൂപയാക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനു അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

പരിശോധനയുടെ നിരക്ക് കുറയ്ക്കുന്നതിനനുസരിച്ചു ഗുണനിലവാരം കുറയുമെന്നും ഹരജിക്കാര്‍ കോടതിയില്‍ അറിയിച്ചു. ആര്‍ടിപിസിആര്‍ നിരക്കു കുറയ്ക്കാന്‍ സര്‍ക്കാരിനു അധികാരമുണ്ടോയെന്ന കാര്യത്തില്‍ വിശദീകരണം ബോധിപ്പിക്കണമെന്നു സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ഏഴിനു വിശദീകരണം ബോധിപ്പിക്കാമെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അതേ സമയം ലാബുകളെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതി പരിഗണിച്ചു.

ലാബ് പരിശോധനകള്‍ അവശ്യ സേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ ഹരജിക്കാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നു കോടതി വ്യക്തമാക്കി. ഇതേ ആവശ്യമുന്നയിച്ചു സര്‍ക്കാരിനു നല്‍കിയിട്ടുള്ള നിവേദനങ്ങള്‍ എത്രയും പെട്ടെന്നു പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News