ശബരിമല: വിധിക്കെതിരേ പ്രതിഷേധിച്ചവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയില്‍ വിലക്ക്
സുപ്രിംകോടതി ഉത്തരവിനെതിരായ പ്രതിഷേധ പരിപാടികളില്‍ സജീവമായി പങ്കാളികളായവര്‍, ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ എന്നിവരെ മകരവിളക്ക് ഉല്‍സവത്തിന് മുന്നോടിയായുള്ള ഘോഷയാത്രയെ അനുഗമിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നാണ് എസ്പിയുടെ നിര്‍ദേശം.
പത്തനംതിട്ട: ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രിംകോടതി വിധിക്കെതിരേ നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവര്‍ തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ പോലിസ് മേധാവി. സുപ്രിംകോടതി ഉത്തരവിനെതിരായ പ്രതിഷേധ പരിപാടികളില്‍ സജീവമായി പങ്കാളികളായവര്‍, ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ എന്നിവരെ മകരവിളക്ക് ഉല്‍സവത്തിന് മുന്നോടിയായുള്ള ഘോഷയാത്രയെ അനുഗമിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നാണ് എസ്പിയുടെ നിര്‍ദേശം.
പോലിസിന്റെ ഉത്തരവ് ദേവസ്വം ബോര്‍ഡിന് കൈമാറി. യുവതീ പ്രവേശനത്തിനെതിരേ നടക്കുന്ന പ്രതിഷേധ പരിപാടികളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് ഘോഷയാത്രയില്‍ പങ്കെടുക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ഈവര്‍ഷം മുതല്‍ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തുന്നവര്‍ മാത്രമേ ഘോഷയാത്രയേ അനുഗമിക്കാവൂ. പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കണം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലിസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ പട്ടിക നാളെ വൈകീട്ട് നാലുമണിക്ക് മുമ്പായി പന്തളം സ്റ്റേഷന്‍ ഹൗസ് ഓഫിസറെ ഏല്‍പ്പിക്കണമെന്നും ദേവസ്വം ബോര്‍ഡിന് എസ്പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.