മണ്ഡല- മകരവിളക്ക് തീർഥാടനം: ശബരിമല ദർശനത്തിനുള്ള നിർദ്ദേശങ്ങൾ വിദഗ്ധ സമിതി സമർപ്പിച്ചു

വിദഗ്ധ സമിതി തീരുമാനത്തിൽ നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം മന്ത്രിസഭായോഗത്തിലാകും അന്തിമ തീരുമാനം.

Update: 2020-10-06 09:30 GMT

തിരുവനന്തപുരം: കൊവിഡിൻ്റെ പശ്ചാത്തലത്തിൽ മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമല ദർശനത്തിന് സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങൾ വിദഗ്ധ സമിതി സർക്കാരിന് സമർപ്പിച്ചു. 10നും 60നും മധ്യേ പ്രായമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. കാനന പാതവഴി സഞ്ചാരം അനുവദിക്കില്ല. ഒരുദിവസം പരമാവധി 1000 പേർ മാത്രം. ശനി, ഞായർ ദിനങ്ങളിൽ അത് പരമാവധി 2000 പേർ വരെയാകാം. മണ്ഡലപൂജ ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും വിദഗ്ധ സമിതി നിർദ്ദേശിക്കുന്നു.

മണ്ഡല- മകരവിളക്ക് തീർത്ഥാടന സമയത്ത് എത്ര തീർത്ഥാടകരെ പ്രവേശിപ്പിക്കാം, എന്തെല്ലാം മുൻകരുതൽ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ നിർദേശിക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചത്. വിദഗ്ധ സമിതി നിർദേശങ്ങൾ സമർപ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമെ ദർശനത്തിന് അനുവദിക്കാവു. 48 മണിക്കൂർ മുമ്പ് കൊവിഡ് നെഗറ്റീവെന്ന സർട്ടിഫിക്കറ്റ് ലഭിച്ചവർ അത് കൊവിഡ് ജാഗ്രതാ പോർട്ടലിൽ അപ്ലോഡ് ചെയ്ത് തുടർന്ന് കിട്ടിയ രേഖയുമായി വരുന്നവർക്ക് എൻട്രി പോയിന്റായ നിലയ്ക്കലിൽ ആന്റിജൻ പരിശോധനയുണ്ടാകും. ഈ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ മാത്രമേ സന്നിധാനത്തേക്ക് കടത്തി വിടു. എരുമേലി, പുല്ലുമേട് എന്നിവ വഴിയുള്ള പരമ്പരാഗത കാനന പാതയിൽ കൂടി യാത്ര അനുവദിക്കില്ല. പമ്പയിലൊ സന്നിധാനത്തോ തങ്ങാൻ തീർത്ഥാടകരെ അനുവദിക്കില്ല. ആടിയ ശിഷ്ടം നെയ് വിതരണം ചെയ്യാൻ പ്രത്യേക ക്രമീകരണമുണ്ടാകും. ഇതുകൂടാതെ തിരുപ്പതി മോഡൽ ഓൺലൈൻ ദർശനം അനുവദിക്കാമെന്നും വിദഗ്ധസമിതി നിർദേശത്തിൽ പറയുന്നു.

എന്നാൽ ഇത് ദേവസ്വം ബോർഡ് അനുകൂലിക്കുന്നില്ല. തന്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകു. വിദഗ്ധ സമിതി തീരുമാനത്തിൽ നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം മന്ത്രിസഭായോഗത്തിലാകും അന്തിമ തീരുമാനം.

Tags:    

Similar News