ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ സുധാകരന്‍ എംപി

വിശ്വാസിക്കൊപ്പമാണെന്ന് ഒരു ദിവസം പറയുന്ന പിണറായി വിജയന്‍ പിറ്റേദിവസം കോടതിക്കൊപ്പമാണ് സര്‍ക്കാരെന്ന് മാറ്റി പറയുന്നു. ഇത്തരത്തില്‍ ഒരു വിഷയത്തില്‍ സ്ഥിരമായ സ്ഥായിയായ ഒരു നിലപാട് വ്യക്തമാക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ സുധാകരന്‍ പറഞ്ഞു

Update: 2019-09-05 14:41 GMT

കൊച്ചി : ശബരിമല വിഷയത്തില്‍ ആര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ഉറപ്പിച്ചു പറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസ് നേതാവ് മേഴ്സി രവി അനുസ്മരണം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസിക്കൊപ്പമാണെന്ന് ഒരു ദിവസം പറയുന്ന പിണറായി വിജയന്‍ പിറ്റേദിവസം കോടതിക്കൊപ്പമാണ് സര്‍ക്കാരെന്ന് മാറ്റി പറയുന്നു. ഇത്തരത്തില്‍ ഒരു വിഷയത്തില്‍ സ്ഥിരമായ സ്ഥായിയായ ഒരു നിലപാട് വ്യക്തമാക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെയും അമിത് ഷായുടെയും കൂട്ടു കെട്ട് ജനാധിപത്യത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പോലും മാറ്റി മറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പാഠപുസ്തകത്തില്‍ വരെ മാറ്റം കൊണ്ടുവരുന്നു. സ്വാതന്ത്ര്യ സമരത്തെ പോലും തമസ്‌കരിക്കുകയാണ്. മത ന്യൂനപക്ഷങ്ങള്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുന്‍ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുബത്തിന് പോലും പൗരത്വം നിഷേധിക്കുന്ന സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാരിരുമ്പിന്റെ കരുത്തോടെ കോണ്‍ഗ്രസ് തിരിച്ചു വരുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, പ്രഫ. കെ വി തോമസ്, മുന്‍ മന്ത്രിമാരായ കെ ബാബു, ഡൊമനിക് പ്രസന്റേഷന്‍, എംഎല്‍എമാരായ പി ടി തോമസ്, വി ഡി സതീശന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെഎംഐ മേത്തര്‍, അജയ് തറയില്‍, കെപിസിസി സെക്രട്ടറി വിജയലക്ഷ്മി , വി ജെ പൗലോസ്, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം ഒ ജോണ്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ മിനിമോള്‍ പങ്കെടുത്തു. 

Tags:    

Similar News