ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ തിരഞ്ഞടുപ്പ് നാളെ
ആദ്യം ശബരിമല മേല്‍ശാന്തി നറുക്കെടുപ്പാകും നടക്കുക. അതിന് ശേഷം മാളികപ്പുറം മേല്‍ശാന്തിയെ തെരഞ്ഞെടുക്കും.
തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ തിരഞ്ഞടുപ്പ് നാളെ. ഒമ്പത് പേരാണ് ശബരിമല മേല്‍ശാന്തി നിയമനത്തിലെ അന്തിമ യോഗ്യത പട്ടികയിലുള്ളത്. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യം ശബരിമല മേല്‍ശാന്തി നറുക്കെടുപ്പാകും നടക്കുക. അതിന് ശേഷം മാളികപ്പുറം മേല്‍ശാന്തിയെ തെരഞ്ഞെടുക്കും.
നവംബര്‍ 15ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് തീര്‍ഥാടനം മുതല്‍ ഒരു വര്‍ഷമാണ് പുതിയ മേല്‍ശാന്തിമാരുടെ കാലാവധി. തിരഞ്ഞെടുക്കുന്ന ശാന്തിമാര്‍ നവംബര്‍ 15ന് ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ എത്തി ചുമതല ഏറ്റെടുക്കും. വൃശ്ചികം ഒന്നായ നവംബര്‍ 16ന് തിരുനടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാര്‍ ആയിരിക്കും.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, ബോര്‍ഡ് അംഗങ്ങളായ എന്‍ വിജയകുമാര്‍, കെഎസ് രവി, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ ബിഎസ് തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടത്തുന്നത്.