തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോള്‍ അതിനെ അനുകൂലിച്ച മുഖ്യമന്ത്രി ആ മുറിവില്‍ മുളകുതേക്കുകയാണു ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാന്‍ ജീവന്‍മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ദശാബ്ദങ്ങളായി നീറിപ്പുകയുന്ന ഈ വിഷയത്തെ വോട്ടുരാഷ്ട്രീയമായി കാണുന്നതുതന്നെ തരംതാണ നിലപാടാണ്.
ശബരിമല കേസില്‍ എന്‍എസ്എസ് കോടതിയില്‍ തോറ്റശേഷം ജനങ്ങളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കിയെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. കേസില്‍ വിശ്വാസികള്‍ക്ക് എതിരായ വിധി ഉണ്ടാവാനുള്ള ഏകകാരണം ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള യുഡിഎഫ് സത്യവാങ്മൂലം പിന്‍വലിച്ച് പിണറായി സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരേ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ്. ഇത് മറച്ചുവച്ച് കാനം രാജേന്ദ്രനെ പിന്തുണച്ച മുഖ്യമന്ത്രി വിശ്വാസികളെ വീണ്ടും വ്രണപ്പെടുത്തുകയാണ്.
ശബരിമല വിഷയം തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കുത്തിപ്പൊക്കിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹം ഇക്കാര്യത്തില്‍ മാപ്പുപറഞ്ഞപ്പോള്‍ അതിനെതിരേ രംഗത്തുവന്നത് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയാണ്. സ്വന്തം മന്ത്രിയെ തള്ളി മുഖ്യമന്ത്രി കാനത്തിന്റെ പിറകേ പോയി. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പും വഞ്ചനാപരമായ നിലപാടുമാണ് വീണ്ടും പുറത്തുവന്നതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.