ശബരിമലയും തുണച്ചില്ല; അക്കൗണ്ട് തുറക്കാനാവാതെ ബിജെപി
കേന്ദ്രത്തില്‍ മോദിതരംഗം തുടരുമ്പോള്‍ സംസ്ഥാനത്ത് അതിശക്തമായ മോദിവിരുദ്ധ തരംഗമാണ് ഉടലെടുത്തത്. ഗവർണർ സ്ഥാനം രാജിവയ്പിച്ച് മൽസരിപ്പിച്ച കുമ്മനത്തിൻ്റെ പരാജയം ബിജെപി കേന്ദ്രങ്ങളിൽ അമ്പരപ്പുണ്ടാക്കി.
തിരുവനന്തപുരം: ശബരിമലയെന്ന തുറുപ്പ് ചീട്ടുകൊണ്ട് കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ പ്രതീക്ഷയാണ് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ അസ്തമിച്ചത്. കേന്ദ്രത്തില്‍ മോദിതരംഗം തുടരുമ്പോള്‍ സംസ്ഥാനത്ത് അതിശക്തമായ മോദിവിരുദ്ധ തരംഗമാണ് ഉടലെടുത്തത്. ഗവർണർ സ്ഥാനം രാജിവയ്പിച്ച് മൽസരിപ്പിച്ച കുമ്മനത്തിൻ്റെ പരാജയം ബിജെപി കേന്ദ്രങ്ങളിൽ അമ്പരപ്പുണ്ടാക്കി.
തിരുവനന്തപുരത്ത് ത്രികോണ മല്‍സരത്തിന് ഇടയാക്കിയത് ബിജെപിയും ശബരിമല വിഷയവുമായിരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തെ ശബരിമലയിലേക്ക് ഒതുക്കുക എന്ന അജണ്ടയായിരുന്നു തുടക്കം മുതലേ ബിജെപി സ്വീകരിച്ചത്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പേ ശബരിമല സജീവമാക്കി നിര്‍ത്തുന്നതിലും ബിജെപി വിജയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലും ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന നിര്‍ദ്ദേശത്തിനെതിരെ ബിജെപി നേതാക്കള്‍ പൊട്ടിത്തെറിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ബിജെപി കണക്കുകൂട്ടിയതു പോലെ ശബരിമല മുഖ്യചര്‍ച്ചയായി. എന്നാല്‍ ഇതൊന്നും വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.
അതേസമയം ശബരിമല വിഷയം നേട്ടമാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു എന്നത് ബിജെപി കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നു. തങ്ങള്‍ക്ക് കിട്ടേണ്ട വോട്ട് ശബരിമലവിഷയത്തില്‍ സമാന നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ്സിന് പോകുമെന്ന് ബിജെപി ഒരിക്കലും കണക്കുകൂട്ടിയിരുന്നില്ല. സംസ്ഥാനത്ത് മൂന്നു മണ്ഡലങ്ങളില്‍ ബിജെപി വിജയപ്രതീക്ഷ കാത്തുസൂക്ഷിച്ചിരുന്നു. ഇതില്‍ ഏറ്റവും പ്രധാനം കുമ്മനം രാജശേഖരന്‍ മല്‍സരിച്ച തിരുവനന്തപുരമാണ്. അസ്സം ഗവര്‍ണര്‍ സ്ഥാനം അപ്രതീക്ഷിതമായി രാജിവച്ചാണ് കുമ്മനം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. ശബരിമല പ്രക്ഷോഭ നായകനായി ബിജെപി ഉയര്‍ത്തിക്കാട്ടിയ കെ സുരേന്ദ്രന്‍ മല്‍സരിച്ച പത്തനംതിട്ടയിലും അനുകൂല ജനവിധിയുണ്ടാകുമെന്ന് പാര്‍ട്ടി കരുതിയിരുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ ദിവസങ്ങളോളം റിമാന്‍ഡിലായതും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ സഹായിക്കുമെന്നും ബിജെപി കണക്കുകൂട്ടി. എന്നാല്‍ നിലവിലെ കണക്കുകള്‍ പ്രകാരം സുരേന്ദ്രന്‍ മൂന്നാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ച്ചവച്ചിരുന്ന പാലക്കാട്ടും വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇവിടെയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. എന്‍ഡിഎയുടെ പ്രമുഖ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ ദയനീയ പരാജയത്തിലേക്കാണ് നീങ്ങുന്നത്. ദലിത്-ആദിവാസി-ഈഴവ വോട്ടുകള്‍ പോലും നേടാന്‍ തുഷാറിന് സാധിച്ചില്ല. ശബരിമല വിഷയത്തില്‍ ഇത്ര കോലാഹമലുണ്ടാക്കിയിട്ടും വോട്ടര്‍മാരും ഹിന്ദു വിശ്വാസികളും തങ്ങളെ കൈവിട്ടതില്‍ കടുത്ത അമര്‍ഷത്തിലാണ് ബിജെപി. ഇതിന്റെ സൂചനയായിരുന്നു കഴിഞ്ഞ ദിവസത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന. കേരളം പ്രബുദ്ധതയില്ലാത്ത ജനങ്ങളുടെ നാടാണെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങളെക്കുറിച്ചുള്ള ശ്രീധരന്‍പിള്ളയുടെ പ്രസ്താവന.
വളരെ വര്‍ഷങ്ങളായി കേരളത്തില്‍ ബിജെപിക്കു സംഘടനാ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും തുല്യശക്തികളായ ഇടതു വലതു മുന്നണികളുടെ ശക്തമായ മത്സരത്തിനിടയില്‍ അവര്‍ക്ക് രാഷ്ട്രീയമായ ഇടം കിട്ടാറില്ലായിരുന്നു. ഇടതു വലതു മുന്നണികളുടെ നേതാക്കള്‍ക്ക് പകരം വെക്കാനുള്ള നേതാക്കളില്ലാത്തതും ബിജെപിയെ തിരഞ്ഞെടുപ്പ് ഗോദയില്‍ അപ്രസക്തരാക്കികൊണ്ടിരുന്നു. എന്നാല്‍ ഇക്കുറി വീണുകിട്ടിയ ശബരിമല വിഷയം ബിജെപിക്കു കേവലം തിരഞ്ഞെടുപ്പ് രംഗത്തു മാത്രമല്ല സംഘപരിവാറിന് കേരളത്തില്‍ അടിത്തറ ഉണ്ടാക്കാന്‍ കൂടി അവര്‍ ഉപയോഗിച്ചു. ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പലതവണ ഉത്തരവിട്ടെങ്കിലും അത് ഫലവത്തായില്ല. ഒളിഞ്ഞും തെളിഞ്ഞും ബിജെപി അതുതന്നെ പ്രചരണ ആയുധമാക്കി. എന്നാല്‍ ബിജെപിയുടെ പ്രചരണം വോട്ടര്‍മാര്‍ തള്ളിയതായാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
ശബരിമല നിലനില്‍ക്കുന്ന പത്തനംതിട്ടയില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ സുരേന്ദ്രന്‍ മുന്നിലെത്താനായെങ്കിലും പിന്നീട് ഒരിക്കലും തിരിച്ചുവരാനായില്ല. എല്‍ഡിഎഫിന് പിറകില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ എന്‍ഡിഎ ലക്ഷ്യമിട്ടത് വിജയം മാത്രമായിരുന്നു. കേരളത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും അനുകൂല സാഹചര്യത്തിനൊപ്പം സുരേഷ്ഗോപിയുടെ വ്യക്തിപ്രഭാവം കൂടി വോട്ടായി മാറുമെന്നായിരുന്നു തൃശൂരില്‍ എന്‍ഡിഎയുടെ കണക്കുകൂട്ടലുകള്‍.
2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി നേടിയത് ഒരു ലക്ഷത്തിലധികം വോട്ടായിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബിജെപിക്ക് 75000 ത്തില്‍ അധികം വോട്ട് സ്വാഭാവികമായി വര്‍ധിച്ചിരിക്കാമെന്നായിരുന്നു കണക്ക് കൂട്ടല്‍. ഇതുവച്ച് വിജയം പ്രതീക്ഷിച്ചിരുന്ന എന്‍ഡിഎയ്ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം, തിരുവനന്തപുരത്ത് ശക്തമായ മല്‍സരം നടത്താന്‍ ബിജെപിക്കായി. ആദ്യഘട്ടത്തില്‍ മുന്നിലെത്തിയ കുമ്മനം രാജശേഖരന്‍ പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പോയെങ്കിലും വോട്ട് നിലയില്‍ മുന്നേറ്റം നടത്തി.
സംസ്ഥാനത്ത് എന്‍ഡിഎയില്‍ ബിജെപി 14 സീറ്റിലും ബിഡിജെഎസ് അഞ്ച് സീറ്റിലും കേരള കോണ്‍ഗ്രസ്(പി സി തോമസ്) ഒരു സീറ്റിലുമാണ് മല്‍സരിച്ചത്.