പൊതുഇടങ്ങളിൽ ഫോൺ ചാര്‍ജിങ്: പണം പോവാതെ നോക്കാന്‍ എസ്ബിഐയുടെ നിര്‍ദേശം

പൊതു സ്ഥലങ്ങളിലെ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലേക്ക് മാല്‍വെയര്‍ കടക്കുകയും ഇതുവഴി തട്ടിപ്പുകാര്‍ക്ക് രഹസ്യസ്വഭാവമുള്ള ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന നിങ്ങളുടെ പാസ് വേഡുകളും മറ്റും മോഷ്ടിക്കാന്‍ സാധിക്കുമെന്നും ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു.

Update: 2019-12-15 07:49 GMT

തിരുവനന്തപുരം: മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകളിലെയും വിവിധ പൊതു സ്ഥലങ്ങളിലെയും മാല്‍വെയര്‍ ആക്രമണത്തെക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊതു സ്ഥലങ്ങളിലെ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലേക്ക് മാല്‍വെയര്‍ കടക്കുകയും ഇതുവഴി തട്ടിപ്പുകാര്‍ക്ക് രഹസ്യസ്വഭാവമുള്ള ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന നിങ്ങളുടെ പാസ് വേഡുകളും മറ്റും മോഷ്ടിക്കാന്‍ സാധിക്കുമെന്നും ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു.

ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിങ്ങളുടെ ഫോണ്‍ പ്ലഗ് ഇന്‍ ചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക എന്നാണ് എസ്ബിഐ ട്വീറ്റിലൂടെ മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വീട്ടിലോ ഓഫീസിലോ ചാര്‍ജിംഗ് കേബിള്‍ ഉപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ പ്ലഗ്-ഇന്‍ ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് സാധാരണ പോപ്പ്-അപ്പ് മെസേജ് ലഭിക്കില്ല. എന്നാല്‍ പോപ്പ്-അപ്പ് മെസേജ് ലഭിക്കുന്നുണ്ടെങ്കില്‍ അത് മാല്‍വെയര്‍ ആക്രമണ സൂചനകളാണ് നല്‍കുന്നത്.

പൊതു മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാരണം. കൂടാതെ ഫോണില്‍ ആന്റി മാല്‍വെയര്‍ സോഫ്‌റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യാനും ശ്രദ്ധിക്കണമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

സൈബര്‍ ക്രൈം വിദഗ്ധരുടെ അഭിപ്രായത്തില്‍, മൊബൈല്‍ ഉടമയുടെ രഹസ്യ ഡാറ്റ മോഷ്ടിക്കാന്‍ ഹാക്കര്‍മാരെ സഹായിക്കുന്നത് മാല്‍വെയര്‍, ഫിഷിംഗ്, അല്‍ഗോരിതം എന്നിവയുടെ മിശ്രിതത്തിലൂടെയാണ്. 'ഓട്ടോ ഡാറ്റ ട്രാന്‍സ്ഫര്‍ ഡിവൈസ്' എന്ന ഡാറ്റാ കാര്‍ഡ് വഴിയാണ് ഇത് ചെയ്യുന്നത്. മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടിന് പിന്നിലാണ് 'ഓട്ടോ ഡാറ്റ ട്രാന്‍സ്ഫര്‍ ഉപകരണം' എന്ന പ്ലഗ്-ഇന്‍ കാര്‍ഡ് ഘടിപ്പിക്കുന്നത്.ഇത്തരത്തില്‍ 'ഓട്ടോ ഡാറ്റ ട്രാന്‍സ്ഫര്‍ ഉപകരണം ഘടിപ്പിച്ച പ്ലഗില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കണക്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ മൊബൈലില്‍ ഒരു പോപ്പ്-അപ്പ് ലഭിക്കും. സാധാരണയായി, സന്ദേശം വായിക്കാതെ ആളുകള്‍ യെസ് ബട്ടണില്‍ ക്ലിക്ക് ചെയ്യും. ഇതോടെ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്നും നിങ്ങളുടെ പാസ്വേഡുകളും മറ്റ് ഡാറ്റകളും മോഷ്ടിക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും.

Tags:    

Similar News