എസ്‌സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണമെങ്കില്‍ അധിക്ഷേപം പൊതു സ്ഥലത്തു വച്ചാവണം: ഹൈക്കോടതി
സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വച്ച് ജാതി അധിക്ഷേപം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.
ബംഗളൂരു: പൊതു സ്ഥലത്തു വച്ചു ജാതി അധിക്ഷേപം നടത്തിയാല്‍ മാത്രമേ പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാനാവൂ എന്ന് കര്‍ണാടക ഹൈക്കോടതി. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വച്ച് ജാതി അധിക്ഷേപം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം പണിയെടുക്കുന്നതിനിടെ ദലിത് വിഭാഗത്തില്‍പെടുന്ന മോഹനു നേരെ റിതേഷ് പയസ് ജാതി അധിക്ഷേപം നടത്തിയെന്നാണ് കേസ്. കെട്ടിട ഉടമയായ ജയകുമാര്‍ ആര്‍ നായര്‍ക്കു വേണ്ടി ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് അവിടെ ഉണ്ടായിരുന്നവര്‍ എല്ലാം.
രണ്ടു വസ്തുതകള്‍ പരിഗണിച്ചാണ് കേസ് റദ്ദാക്കുന്നതെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വിധിന്യായത്തില്‍ പറഞ്ഞു. ജാതി അധിക്ഷേപം നടന്നുവെന്നു പറയുന്ന സ്ഥലം പൊതു ഇടമല്ലെന്നാണ് ഒന്നാമത്തേത്. ഒപ്പം ഉണ്ടായിരുന്നവര്‍ ജയകുമാര്‍ നായരുടെ തൊഴിലാളികളോ പരാതിക്കാരന്റെ സുഹൃത്തുക്കളോ ആയിരുന്നു എന്നത് രണ്ടാമത്തെ കാര്യം.പൊതുസ്ഥലത്ത് അല്ലാത്ത ഒരിടത്തുവച്ച് നടത്തുന്ന ജാതി അധിക്ഷേപത്തില്‍, പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം നിലനില്‍ക്കില്ലെന്നു കോടതി പറഞ്ഞു.
റിതേഷ് പയസിനെതിരെ ഐപിസി 323 പ്രകാരം ചുമത്തിയ കുറ്റവും നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ കൈയിലും നെഞ്ചിലും ചെറിയ പാടുകള്‍ മാത്രമേ ഉള്ളൂവെന്നാണ് മെഡിക്കല്‍ രേഖകളില്‍ കാണുന്നത്. ചോര പൊടിഞ്ഞതായ സൂചന എവിടെയുമില്ല. ഈ വസ്തുതകള്‍ വച്ച് ഐപിസി പ്രകാരമുള്ള കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.