എസ്ബിഐ പകരം കാര്‍ഡ് നല്‍കാതെ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നതായി പരാതി
മാള(തൃശ്ശൂര്‍): എടിഎം കാര്‍ഡുകള്‍ ബ്ലോക്കാക്കി എസ്ബിഐ ജനങ്ങളെ ദുരിതത്തിലാക്കുന്നതായി വ്യാപകമായ പരാതി. എടിഎം കൗണ്ടറിലെത്തി ഇടപാട് നടത്താനൊരുങ്ങവേയാണ് തങ്ങളുടെ കയ്യിലുള്ള എടിഎം കാര്‍ഡ് ബ്ലോക്ക് ആയെന്ന മെസേജ് സ്‌ക്രീനില്‍ തെളിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാങ്കില്‍ എത്തി പരാതി പറയുമ്പോള്‍ നിങ്ങളുടെ കൈശമുള്ള എടിഎം കാര്‍ഡിന്റെ കാലാവധി കഴിഞ്ഞതായും പകരം മാഗ്‌നറ്റിക് ചിപ്പ് പിടിപ്പിച്ച കാര്‍ഡ് ലഭിക്കുമെന്നുമാണ് മറുപടി ലഭിക്കുന്നത്. ഇതിനായി ബാങ്കില്‍ നിന്നും ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് നല്‍കണം.
2035 വരെ വാലിഡിറ്റിയുള്ളതടക്കമുള്ള എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ആക്കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ പകരം എടിഎം കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് അയച്ചതിന് ശേഷമാണ് നിലവിലുണ്ടായിരുന്ന കാര്‍ഡ് ബ്ലോക്കാക്കാറുണ്ടായിരുന്നത്. എന്നാല്‍, ഫോറം പൂരിപ്പിച്ച് നല്‍കി ആഴ്ചകള്‍ പലത് കഴിഞ്ഞിട്ടും പകരം പുതിയ കാര്‍ഡ് ലഭിക്കാത്ത അവസ്ഥയാണ്. ബാങ്കില്‍ ചെന്നന്വേഷിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് എടിഎം കാര്‍ഡ് ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ പൊല്ലാപ്പായി മാറിയിരിക്കുകയാണ് എസ്ബിഐയുടെ നിലപാട്.