സ്‌കൂള്‍ ബാഗുകളുടെ ഭാരം: രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി

നേരത്തെ ഹരജി പരിഗണിക്കവേ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാന്‍ പുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിക്കുന്ന സംവിധാനം നടപ്പാക്കിക്കൂടെയെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു.ഹരജി ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Update: 2019-03-28 15:07 GMT

കൊച്ചി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന ഹരജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈകോടതി. നേരത്തെ ഹരജി പരിഗണിക്കവേ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാന്‍ പുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിക്കുന്ന സംവിധാനം നടപ്പാക്കിക്കൂടെയെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു.കുട്ടികളെക്കൊണ്ട് അനാവശ്യ ഭാരമെടുപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹരജി ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.

നേരത്തെ ഹരജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണവും കോടതി തേടിയിരുന്നു. സംസ്ഥാന സര്‍ക്കാറിനെ കേസില്‍ കക്ഷി ചേര്‍ക്കാനും വിഷയത്തില്‍ സി ബി എസ് ഇ ഡയറക്ടര്‍ നല്‍കിയ സര്‍ക്കുലര്‍ നടപ്പാക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മറുപടി ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടാഴ്ചക്കകം അറിയിക്കാത്ത പക്ഷം നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. കുട്ടികളുടെ ശരീര ഭാരത്തിന്റെ പത്ത് മടങ്ങ് ഭാരമുള്ള ബാഗുകള്‍ ചുമക്കുന്നത് നടുവേദന, തോള്‍ വേദന, ക്ഷീണം, നട്ടല്ല് വേദന എന്നിവയ്ക്ക് കാരണമാകുമെന്നു ഹരജിയില്‍ പറയുന്നു. 

Tags:    

Similar News