സ്‌കൂള്‍ നേതൃത്വ മാതൃക പുരസ്‌കാരം 2020-21: നോമിനേഷനുകള്‍ സമര്‍പ്പിക്കാം
എല്‍പി/യുപി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ അക്കാദമിക ഭരണ മേഖലകളില്‍ നടത്തിയ വേറിട്ട പ്രവര്‍ത്തനങ്ങളുടെയും കൈവരിച്ച മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കപ്പെടുക.
തിരുവനന്തപുരം: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷനല്‍ മാനേജ്മന്റ് ആന്റ് ട്രെയ്‌നിങ്ങിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ലീഡര്‍ഷിപ്പ് അക്കാദമി കേരള 2020-21 അക്കാദമിക വര്‍ഷത്തെ സ്‌കൂള്‍ നേതൃത്വ മാതൃക പുരസ്‌കാരങ്ങള്‍ക്കുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു. എല്‍പി/യുപി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ അക്കാദമിക ഭരണ മേഖലകളില്‍ നടത്തിയ വേറിട്ട പ്രവര്‍ത്തനങ്ങളുടെയും കൈവരിച്ച മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കപ്പെടുക.
പൊതുവിദ്യാലയങ്ങള്‍ കൊവിഡ് കാല പ്രതിസന്ധികളെ മറികടക്കാന്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും വേര്‍തിരിച്ചെടുത്ത നൂതന മാതൃകകള്‍ക്കും പ്രത്യേക പരിഗണന നല്‍കിയാവും ഈ വര്‍ഷം വിജയികളെ കണ്ടെത്തുക. മികച്ച മാതൃകകള്‍ ഡോക്യുമെന്റ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷനല്‍ പ്ലാനിങ് ആന്റ് അഡ്മിനിസ്‌ട്രേഷന്റെ (NIEPA) ഭാഗമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ സെന്റര്‍ ഫോര്‍ സ്‌കൂള്‍ ലീഡര്‍ഷിപ്പിന്റെ (NCSL) സഹായത്തോടെ ദേശീയ, അന്തര്‍ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരും.
വിജ്ഞാപനത്തിന്റെ പൂര്‍ണരൂപവും നോമിനേഷന്‍ തയ്യാറാക്കാനുള്ള മാതൃകയും പുരസ്‌കാര നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളും www.siemat.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച നോമിനേഷനുകള്‍ ഡയറക്ടര്‍, സീമാറ്റ് കേരള, എംജി റോഡ്, ഈസ്റ്റ് ഫോര്‍ട്ട്, തിരുവനന്തപുരം 695036 എന്ന വിലാസത്തില്‍ മാര്‍ച്ച് 15 വരെ സമര്‍പ്പിക്കാം. കേരളത്തിലെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി ദേശീയ ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷണല്‍ പ്ലാനിങ് ആന്റ് അഡ്മിനിസ്‌ട്രേഷന്റെ ധനസഹായത്തോടെ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് സ്‌കൂള്‍ ലീഡര്‍ഷിപ്പ് അക്കാദമികേരള.
കാര്യക്ഷമമായ അക്കാദമികഭരണ നേതൃത്വത്തിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടോടെയാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ മാനേജ്‌മെന്റ് രംഗത്ത് സംസ്ഥാനത്തിന്റെ അഭിമാനമായി പ്രവര്‍ത്തിക്കുന്ന സീമാറ്റ് കേരളയാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.