മോട്ടോര്‍ വാഹന വകുപ്പിന്റെ പകല്‍ക്കൊള്ള അവസാനിപ്പിക്കുക: എസ്ഡിപിഐ
കഴിഞ്ഞ 28 ദിവസത്തിനിടെ സംസ്ഥാനത്ത് 20,623 പേരില്‍ നിന്ന് നാലര കോടി രൂപ പിഴയീടാക്കി എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
തിരുവനന്തപുരം: വാഹനങ്ങളിലെ ചെറിയ രൂപമാറ്റങ്ങളിലടക്കം അമിത പിഴ ഈടാക്കി മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. കഴിഞ്ഞ 28 ദിവസത്തിനിടെ സംസ്ഥാനത്ത് 20,623 പേരില്‍ നിന്ന് നാലര കോടി രൂപ പിഴയീടാക്കി എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ടയറുകളില്‍ അലോയ് വീല്‍ ഉപയോഗിച്ചു, സ്റ്റിക്കര്‍ ഉപയോഗിച്ച് പേരെഴുതി തുടങ്ങിയ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വന്‍ തുക പിഴ ഈടാക്കുന്നത്.
കൊവിഡ് രോഗ വ്യാപനത്തിന്റെ ഫലമായി സാധാരണ ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് വളരെ അനിവാര്യമായ യാത്രകള്‍ ചെയ്യുന്നവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയാണ് കേട്ടാല്‍ ഞെട്ടുന്ന തരത്തില്‍ വന്‍ തുക പിഴ ചുമത്തുന്നത്. കൊവിഡ് രോഗപ്രതിരോധത്തിന്റെ പേരില്‍ സര്‍ക്കാരിനുണ്ടാവുന്ന സാമ്പത്തിക ചെലവും വരുമാന നഷ്ടവും നികത്തുന്നതിനാണ് മോട്ടോര്‍ വാഹന വകുപ്പിനെ നിരത്തിലിറക്കി പകല്‍ കൊള്ള നടത്തുന്നതെന്നാണ് ആക്ഷേപം.
റോഡിലെ കുഴികളില്‍ വീണ് നിരവധി യാത്രക്കാരുടെ ജീവന്‍ പൊലിയുന്നത് തടയാനോ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനോ ആര്‍ജ്ജവം കാണിക്കാത്ത സര്‍ക്കാരാണ് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാഹന ഉടമകളെ കൊള്ളയടിക്കുന്നത്. വാഹന വകുപ്പ് നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം അംഗീകരിക്കാനാവില്ല. ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഈ സാഹചര്യത്തില്‍ നിസാര കാരണങ്ങളുടെ പേരില്‍ നടത്തുന്ന ചൂഷണം ഉടന്‍ അവസാനിപ്പിക്കണമെന്നും റോയി അറയ്ക്കല്‍ ആവശ്യപ്പെട്ടു.